" യഥാ ചതുര്ഭി: കനകം പരീക്ഷ്യതേ
നിഘര്ഷണ ചേദന താപ താഡനൈ:
തഥാ ചതുര്ഭി: പുരുഷ പരീക്ഷ്യതേ
ത്യഗേന ശീലേന ഗുണേന കര്‍മ്മണാ "
" സ്വര്‍ണത്തിന്റെ മാറ്ററിയുന്നത് ഉരച്ചിട്ടും മുറിച്ചിട്ടും പഴുപ്പിച്ചിട്ടും തല്ലിപ്പരത്തിയുമാണ്. മനുഷ്യന്റെ നന്മ തെളിയുന്നത് അവന്റെ ത്യാഗം കൊണ്ടും സ്വഭാവം കൊണ്ടും ഗുണം കൊണ്ടും പ്രവര്‍ത്തി കൊണ്ടുമാണ്. "
സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉത്തമം മനുഷ്യന്‍ തന്നെ. ലോഹങ്ങളില്‍ സ്വര്‍ണത്തിനാണ് സ്ഥാനം. അത് തന്നെ ജന്തുക്കളില്‍ മനുഷ്യനും. മാറ്റ് കൂടുന്തോറും സ്വര്‍ണം തിളങ്ങുന്നു. ഗുണം കൂടുന്തോറും മനുഷ്യന്‍ വിളങ്ങുന്നു. മാറ്റ് തെളിയിക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ ആവശ്യമാണ്. ജന്തു ജാലങ്ങളില്‍ മാത്രമല്ല എല്ലാ പദാര്‍ത്ഥങ്ങളിലും ഈ പരീക്ഷണം നടക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങളെ അതി ജീവിക്കാന്‍ കഴിയുന്ന സൃഷ്ടിക്കു മാത്രമേ നിലനില്പുള്ളൂ . അത് കൊണ്ട് പ്രരാബ്ധങ്ങളെയും ക്ലേശങ്ങളെയും മാറ്റ് തെളിയിക്കാനുള്ള പരീക്ഷണങ്ങളായി അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ ആ വ്യക്തിക്ക് തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി പോലും തരണം ചെയ്യാന്‍ എനിക്ക് കഴിഞ്ഞു എന്നുള്ളതാണ് ആ അഭിമാനം.
No comments:
Post a Comment