വിഷ്ണു സഹസ്രനാമം കുറച്ചു കുറച്ചായി ഇനി നമുക്ക് അര്‍ത്ഥസഹിതം കാണാം. നമ്മള്‍ കുറെ കേട്ടിട്ടുണ്ടെങ്കിലും അര്‍ത്ഥം നമുക്ക് തീരെ നിശ്ചയമില്ല. സുബ്ബലക്ഷ്മി പാടുമ്പോള്‍ എല്ലാവരും ഭക്തിയോടെ കേട്ടിരിക്കും. പക്ഷെ അര്‍ത്ഥം മനസിലാകില്ലല്ലോ :) അത് ശ്രദ്ധിക്കുന്നത് തന്നെ വലിയ കാര്യമാണ് കേട്ടോ :) എനിക്കും അറിയില്ല അര്‍ത്ഥം. എല്ലാവരുമായിട്ടും പങ്കു വെച്ച് പഠിക്കുമ്പോള്‍ ഓര്‍ത്തിരിക്കാനും എളുപ്പമാണല്ലോ.. അതാണ് എന്റെ ഉദ്ദേശ്യം.
കടത്തനാട്ടു പത്മനാഭ വാര്യരുടെ പരിഭാഷയാണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. :)
വിഷ്ണു സഹസ്രനാമം
ഓം നമോ ഭഗവതേ വാസുദേവായ
വന്ദന ശ്ലോകങ്ങള്‍.
1 . ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ
ശുക്ലവര്‍ണമായ വസ്ത്രം ധരിച്ചവനും സര്‍വ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായ് കൊണ്ട് ധ്യാനിക്കണം ( സ്കന്ദ പുരാണത്തില്‍ ബ്രഹ്മഖണ്ഡത്തില്‍ നിന്നെടുത്തതാണ് ഈ ശ്ലോകം ).
2 . യസ്യ ദ്വിരദവക്ത്രാദ്യ: പാരിഷദ്യാ: പരശ്ശതം
വിഘ്നം നിഘ്നന്തി സതതം വിഷ്വക് സേനം തമാശ്രയെ
യാതൊരാളുടെ ഗണപതി തുടങ്ങിയ നൂറില്‍ പരം പാര്‍ഷദന്‍മാര്‍ എല്ലായ്പ്പോഴും വിഘ്നങ്ങളെ ഹനിച്ചു കൊണ്ടിരിക്കുന്നുവോ, ആ മഹാവിഷ്ണുവിനെ ഞാന്‍ സതതം ആശ്രയിക്കുന്നു. (ദ്വിരദവക്ത്രന്‍ = ഗജമുഖന്‍)
3 . വ്യാസം വസിഷ്ഠനപ്താരം ശക്തേ: പൌത്ര മകല്‍മശം
പരാശരാത്മജം വന്ദേ ശുകതാത തപോനിധിം
വസിഷ്ഠ മഹര്‍ഷിയുടെ പ്രപൌത്രനും ശക്തി മഹര്‍ഷിയുടെ പൌത്രനും പരാശര മഹര്‍ഷിയുടെ പുത്രനും ശുകബ്രഹ്മര്‍ഷിയുടെ പിതാവും നിര്‍മ്മലനും തപസ്സിന്റെ ഇരിപ്പിടവുമായ ശ്രീ വേദവ്യാസനെ ഞാന്‍ വന്ദിക്കുന്നു. (നപ്താവ് - പ്രപൌത്രന്‍)
4 . വ്യാസായ വിഷ്ണുരൂപായ വ്യാസ രൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയെ വാസിഷ്ഠആയ നമോ നമ:
മഹാവിഷ്ണുവിന്റെ രൂപത്തില്‍ വ്യാസനായും വ്യാസരൂപത്തിലുള്ള വിഷ്ണുവായും വസിഷ്ഠ മഹര്‍ഷിയുടെ വംശക്കാരനായും ബ്രഹ്മജ്ഞാനത്തിന്റെ നിധിയായുമായിരിക്കുന്ന വേദവ്യാസന്നായി കൊണ്ട് ഞാനിതാ നമസ്ക്കരിക്കുന്നു.
5 . അവികാരായ ശുദ്ധായ നിത്യായ പരമാത്മനെ
സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വ ജിഷ്ണവേ
6 . യസ്യ സ്മരണ മാത്രേണ ജന്മ സംസാര ബന്ധനാത്
വിമുച്യതെ നമസ്തസ്മൈ വിഷ്ണവേ പ്രഭ വിഷ്ണവേ
7 . നമസ്സമസ്ത ഭൂതാനാ മാദിഭൂതായ ഭൂഭ്രുതെ
അനെകരൂപ രൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ
യാതൊരു വികാരങ്ങളും ഇല്ലാത്തവനും നിത്യനും പരമാത്മാ സ്വരൂപിയും എല്ലായ്പ്പോഴും മാറ്റമില്ലാത്ത ഏകാസ്വരൂപനും എല്ലാറ്റിനെയും ജയിക്കുന്ന സ്വഭാവത്തോട് കൂടിയവനും യാതൊരാളുടെ സ്മരണ കൊണ്ട് മാത്രം ജന്മസംസാര ബന്ധനത്തില്‍ നിന്ന് മുക്തി ലഭിക്കുന്നുവോ അപ്രകാരമുള്ളവനും പ്രഭുവായിരിക്കുന്നവനുമായ മഹാവിഷ്ണുവിന്നായി കൊണ്ട് നമസ്ക്കാരം
എല്ലാ ചരാചരങ്ങളുടെയും മുന്‍പ് സംഭവിച്ചവനും ഭൂഭാരത്തെ ഭരിക്കുന്നവനും അനേക രൂപങ്ങള്‍ കൈക്കൊണ്ടവനും പ്രഭുവായിരിക്കുന്നവനുമായ മഹാവിഷ്ണുവിന്നായി കൊണ്ട് നമസ്ക്കാരം
(തുടരും...)
No comments:
Post a Comment