കേവലം ശാസ്ത്രപാണ്ഡിത്യം കൊണ്ടു കാര്യമില്ല
എല്ലാവരും കേട്ടിട്ടുള്ള കഥയാണെങ്കിലും അവസാനം കുറച്ചു ചിന്താ ശകലങ്ങള്‍ ഉണ്ട്. :)
ഒരിക്കല്‍ ഒരു പണ്ഡിതന്‍ പുഴ കടക്കുവാന്‍ തോണി കടവില്‍ വന്നു. വഞ്ചിക്കാരന്‍ അദ്ദേഹത്തെ ആദരവോടു കൂടി വഞ്ചിയില്‍ കയറ്റി. അക്കരക്ക് പുറപ്പെട്ടു. ആ പണ്ഡിതന്‍ തന്റെ പാണ്ഡിത്യത്തില്‍ വളരെ അഭിമാനം കൊള്ളുന്നുവന്‍ ആയിരുന്നു. നദീ മധ്യത്തില്‍ വെച്ച് തോണിക്കാരനോട് അദ്ദേഹം ചോദിച്ചു.
അല്ലയോ തോണിക്കാരാ നീ സംസ്കൃതം പഠിച്ചിട്ടുണ്ടോ ?
ഇല്ല തമ്പുരാനെ.. അടിയനു സംസ്കൃതം പഠിക്കുവാന്‍ സാധിച്ചിട്ടില്ല.
കഷ്ടം. നിന്റെ ജീവിതത്തിന്റെ കാല്‍ ഭാഗം വെറുതെ പോയി.
കുറച്ചു കഴിഞ്ഞു ..
ആട്ടെ. നീ വേദാന്തം പഠിച്ചിട്ടുണ്ടോ ?
ഇല്ല തമ്പുരാനെ.. അടിയനു വേദാന്തം ഒന്നും തന്നെ അറിഞ്ഞു കൂടാ.
നിന്റെ ജീവിതം പകുതിയും വെറുതെ പോയല്ലോ!
കുറച്ചു കഴിഞ്ഞു ..
നീ ആറു ദര്‍ശനങ്ങളില്‍ ഏതെങ്കിലും ഒന്ന് മനസ്സിലാക്കിയിട്ടുണ്ടോ ? .
ഇല്ല തമ്പുരാനെ. ദര്‍ശനമെന്നാല്‍ എന്താണെന്ന് കൂടി എനിക്കറിഞ്ഞു കൂടാ..
കഷ്ടം കഷ്ടം! നിന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും പാഴായി പോയല്ലോ!
കുറച്ചു കഴിഞ്ഞപ്പോള്‍ വലിയൊരു കാറ്റും കോളും വന്നു. വഞ്ചി ആടിയുലയുവാന്‍ തുടങ്ങി. അത് മുങ്ങുമെന്ന മട്ടായി. വഞ്ചിക്കാരന്‍ ചോദിച്ചു.
തമ്പുരാനെ, തമ്പുരാന് നീന്താന്‍ അറിയാമോ?
ഇല്ലെടോ. എനിക്ക് നീന്താന്‍ അറിഞ്ഞു കൂടാ..
അടിയന്റെ ജീവിതം മുക്കാലേ പോയുള്ളൂ. തമ്പുരാന്റെ ജീവിതം മുഴുവനും ഇപ്പോള്‍ പോകുമല്ലോ. വഞ്ചി മുങ്ങാന്‍ പോവുകയാണ്. അടിയനു മറ്റൊന്നും അറിഞ്ഞു കൂടെങ്കിലും നീന്താന്‍ അറിയാം.
ധാരാളം ശാസ്ത്രങ്ങള്‍ വായിച്ചു പഠിച്ചത് കൊണ്ടു ഒരു കാര്യവുമില്ല. പ്രായോഗിക ജ്ഞാനമാണ് വേണ്ടത്. പഠിക്കുന്ന വിഷയങ്ങള്‍ പ്രായോഗിക തലത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കണം. അത് കൊണ്ടാണ് വിവേകാനന്ദ സ്വാമികള്‍ പറയുന്നത്. " നിങ്ങളുടെ മസ്തിഷ്കത്തിലേക്ക് ചെലുത്തി അവിടെ മരണം വരെ ദഹിക്കാതെ അനിയതമായി വ്യാപരിക്കുന്ന വിവരങ്ങളുടെ ആകെതുകയല്ല വിദ്യാഭ്യാസം. ജീവിതത്തെ പടുത്തു കെട്ടുന്ന ആശയങ്ങളെ സാത്മ്യപ്പെടുതുകയാണ് വേണ്ടത്. നിങ്ങള്‍ അഞ്ചു ആശയങ്ങളെ സാത്മ്യപെടുതിയിട്ടുണ്ടെങ്കില്‍ അവയെ നിങ്ങളുടെ സ്വഭാവവും ജീവിതവുമാക്കി തീര്‍ത്തിട്ടുണ്ടെങ്കില്‍, ഒരു ഗ്രന്ഥം മുഴുവന്‍ ഹൃദിസ്തമാക്കിയിട്ടുള്ള മറ്റൊരുവനെക്കാള്‍ വിദ്യാഭ്യാസം നിങ്ങള്‍ക്കുണ്ട്. "
ശ്രീരാമകൃഷ്ണന്‍ പറയുന്നത് ശ്രദ്ധിക്കൂ.. " ശാസ്ത്രങ്ങള്‍ പഠിച്ചത് കൊണ്ടു എന്ത് കിട്ടും ? ജീവിക്കുവാന്‍ പഠിക്കുകയാണ് വേണ്ടത്. " പ്രായോഗിക ജ്ഞാനമാണ് വേണ്ടത്. സംസാര സാഗരം നീന്തിക്കടക്കുവാനുള്ള അറിവ്വേണം.
CUSAT syllabus idunnavar ith vayich manasilakkiyirunnenkil......
ReplyDelete