സംഗീത കച്ചേരി ആസ്വദിക്കുവാന്‍...
തുടര്‍ച്ച..
കച്ചേരി സദസ്സുകളില്‍ സാധാരണ ആസ്വാദകര്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.
1) കച്ചേരി എന്ന് പറയുമ്പോള്‍ ഗായകന്‍, പക്കവാദ്യക്കാര്‍ എന്നിവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു വേദി എന്നാണു മനസിലാക്കേണ്ടത്.
2) വര്ണത്തോടു കൂടെയായിരിക്കും മിക്ക കച്ചേരികളും ആരംഭിക്കുന്നത്. വര്‍ണ്ണം പാടല്‍ ഗായകന് മൂന്നു സ്ഥായികളിലും സ്വരശുദ്ധി വരുത്തുന്നതിനും തുടര്‍ന്നുള്ള ആലാപനത്തിന് മികവ് എറുന്നതിനും സഹായിക്കുന്നു. വര്‍ണ്ണത്തിന്റെ രാഗം അറിഞ്ഞിരുന്നാല്‍ മാത്രമേ സാധാരണ ആസ്വാദകന് ഇതിനെ ഉള്കൊള്ളുവാന്‍ കഴിയുകയുള്ളൂ.
3) വര്‍ണത്തെ തുടര്‍ന്ന് ഗണപതിസ്തുതി എന്നതാണ് പരമ്പരാഗതമായ ചിട്ട. ഗണേശ സ്തുതിക്കു ശേഷം ദേവീകീര്‍ത്തന ആലാപനവും പതിവ് സമ്പ്രദായമായി മാറിയിരിക്കുകയാണ്. സദസ്സിനെ ആകര്‍ഷിക്കുവാന്‍ ജനകീയമായ രാഗങ്ങളില്‍ ( സിനിമയില്‍ വന്നിട്ടുള്ള കീര്‍ത്തനങ്ങള്‍ ) ചിട്ടപ്പെടുത്തിയിട്ടുള്ള കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് സര്‍വ സാധാരണമായി തീര്‍ന്നിട്ടുണ്ട്. കച്ചേരിയുടെ ആദ്യ പകുതിയില്‍ തന്നെ പ്രധാന കൃതി പാടേണ്ടതുണ്ട്. അതിന്റെ നാന്ദിയായി ആലാപനം അഥവാ രാഗവിസ്താരം തുടങ്ങുന്നു. നീണ്ട രാഗാലാപനത്തിനു ശേഷം ആലപിച്ച രാഗം വയലിന്‍ വാദകന്‍ വയലിനില്‍ ആവര്‍ത്തിച്ചു വായിക്കുകയും തുടര്‍ന്ന് ഗായകന്‍ പ്രസ്തുത രാഗത്തിലുള്ള കീര്‍ത്തനം ആലപിക്കുകയും ചെയ്യുന്നു. കീര്തനതിന്റെ മൂന്നാമത്തെ അംഗമായ ചരണത്തിന്റെ വരികളില്‍ ഗായകന്‍ നിരവല്‍ ചെയ്യുന്നു. നിരവല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാഗത്തിന്റെ ജീവസ്വരങ്ങള്‍ കീര്തനതിന്റെ സാഹിത്യത്തിലൂടെ രണ്ടു കാലത്തിലും ആലപിച്ച് വീണ്ടും ഒന്നാം കാലത്തില്‍ കൊണ്ടാണ് അവസാനിപ്പിക്കുന്നത്. ഒന്നാം കാലത്തിലും രണ്ടാം കാലത്തിലും ഉള്ള നിരവല്‍ വയലിന്‍ വാദകന്‍ ആവര്‍ത്തിക്കുന്നു. കച്ചേരിയില്‍ ഘടം എന്നാ താളവാദ്യം ഉള്‍പ്പെടുന്നു എങ്കില്‍ ഈ അവസരത്തില്‍ വയലിന് അകമ്പടിയായി ഈ വാദ്യം വായിക്കുന്നതാണ് കച്ചേരിയുടെ രീതി.
നിരവല്‍ അവസാനിക്കുന്നിടത്ത് മനോധര്‍മ സ്വരം ആരംഭിക്കുന്നു. നിരവലില്‍ പറഞ്ഞത് പോലെ ഒന്നും രണ്ടും കാലങ്ങളില്‍ കല്പനാ സ്വരങ്ങള്‍ പാടാറുണ്ട്. രണ്ടാം കാലത്തില്‍ പാടുമ്പോള്‍ സ്വരങ്ങളുടെ എണ്ണത്തില്‍ ഏറ്റകുറവുകള്‍ വരുത്തി ഒരു മൂത്തായിപ്പോടു കൂടി കൃതി പാടി അവസാനിപ്പിക്കുന്നു.
മൂത്താരിപ്പോടെ പ്രധാന കൃതി പാടല്‍ അവസാനിക്കുമ്പോള്‍ പ്രസ്തുത കൃതിയുടെ താളത്തില്‍ മൃദംഗം വായനക്കാരന്‍ തനിയാവര്‍ത്തനം വായിക്കല്‍ എന്നാ ചടങ്ങിലേക്ക് കടക്കുന്നു. ഈ അവസരത്തില്‍ വയലിന്‍ വായന താല്‍കാലികമായി നിര്‍ത്തി വെക്കുന്നു. മൃദംഗ വാദകനും ഘടം വാദകനും ഗായകന്റെ താളത്തിനനുസരിച്ച് തങ്ങളുടെ വാദ്യത്തിലുള്ള കഴിവ് പ്രകടിപ്പിച്ചു മേല്‍പ്പറഞ്ഞ മൂത്താരിപ്പോടെ വായന അവസാനിപ്പിക്കുകയും നിരവല്‍ ചെയ്ത വരി ഗായകന്‍ വയലിന്റെ അകമ്പടിയോടെ ആവര്‍ത്തിച്ചു പാടി അവസാനിപ്പിക്കുകയും ചെയ്യുന്നു.
തനിയാവര്‍ത്തനം കഴിയുന്നതോടെ കച്ചേരിയുടെ മുഖ്യ ഇനം അവസാനിക്കുന്നു. തുടര്‍ന്ന് ഗായകന്‍ തുക്കട ഇനത്തില്‍ പെടുന്ന ഗാനങ്ങള്‍ പാടുന്നു. ജാവാളി, ലളിതഗാനം, ഭക്തിഗാനം, ഭജന്‍, തില്ലാന തുടങ്ങിയവ കൂടി പാടിയ ശേഷം മംഗളം പാടി അവസാനിപ്പിക്കുന്നു. മംഗളം പാടല്‍ കച്ചേരിയുടെ ഒഴിച്ച് കൂടാനാകാത്ത ഒരു ചടങ്ങാണ്. കച്ചേരികളില്‍ സര്‍വസാധാരണമായി ആലപിക്കാറുള്ള മംഗളം ത്യാഗരാജ സ്വാമിയുടെ പവമാന എന്നാ ഹനുമത് സ്തുതിയാണ്. ഈ മംഗളം സൌരാഷ്ട്രം എന്നാ ജന്യ രാഗത്തില്‍ ചിട്ടപെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇതിന്റെ അവസാന വരിയായ നിത്യജയ മംഗളം എന്നത് മധ്യമാവതി എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
No comments:
Post a Comment