Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks
Showing posts with label Kuttikalude Vivekanandan. Show all posts
Showing posts with label Kuttikalude Vivekanandan. Show all posts

Sunday, March 20, 2011

നരേന്ദ്രനാഥന്‍ - 1

ബിലെ ഇനിയും വളരെക്കാലം കുട്ടിയായിത്തന്നെ ഇരിക്കുകയില്ലല്ലോ. കുട്ടി വലുതായി. സ്കൂളില്‍ ചേര്‍ത്തു. ഈശ്വര ചന്ദ്ര വിദ്യാസാഗരന്റെ മെട്രോ പോളിട്ടന്‍ സ്കൂളിലാണ് ആദ്യം ചേര്‍ത്തത്. ഇവിടെ ബിലെ എന്നാ പേര് പറ്റില്ല. അത് കൊണ്ടു നരേന്ദ്ര നാഥന്‍ എന്ന പേരാണ് ചേര്‍ത്തത്. ഈ പേര് ബിലേക്ക് ഭയങ്കര ഇഷ്ടമായി. നരേന്ദ്രന്‍ എന്നാല്‍ മനുഷ്യരില്‍ ശ്രേഷ്ഠന്‍, നരേന്ദ്ര നാഥനോ അവരിലും ശ്രേഷ്ഠന്‍. 
സ്കൂളില്‍ രണ്ടു വിഷയങ്ങളില്‍ നരേന്ദ്രന്‍ വളരെ വിഷമം കാണിച്ചു. ഇംഗ്ലീഷും കണക്കും തീരെ പഠിക്കില്ല. 'ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണ്. ഇംഗ്ലീഷ്കാരുടെ ഭാഷ. അതെന്തിന് നാം പഠിക്കുന്നു? അതിനേക്കാള്‍ ആദ്യം മാതൃഭാഷയായ ബംഗാളി പഠിക്കണം. അത് നന്നായി പഠിക്കും' എന്നായിരുന്നു നരേന്ദ്രന്റെ അഭിപ്രായം. എന്തായാലും വളരെ പറഞ്ഞു മനസിലാക്കിയതിനു ശേഷം നരേന്ദ്രന്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങി. പിന്നീട്, താന്‍ ഇംഗ്ലണ്ട്ല്‍ വെച്ച് ചെയ്ത പ്രസംഗത്തില്‍ ഇംഗ്ലീഷ്കാര്‍ക്ക് കൂടി അതിശയം തോന്നത്തക്ക വിധത്തില്‍ അത്രയും നന്നായി ഇംഗ്ലീഷ് പഠിച്ചു. 

കണക്കു ക്ലാസ്സില്‍ നരേന്ദ്രന്‍ തല തിരിച്ചിരിക്കുകയേ ഉള്ളു. കൂട്ടലും കിഴിക്കലും ഗുണിക്കലും ഹരിക്കലും എല്ലാം കണ്ടു പറയും. ' ഞാന്‍ പലചരക്ക് കടയൊന്നും തുടങ്ങാന്‍ പോകുന്നില്ല. അത് കൊണ്ടു ഇതൊന്നും എനിക്ക് പഠിക്കണ്ട. ' അങ്ങനെ കണക്കു അദ്ദേഹത്തിനു ഒരിക്കലും ഇഷ്ടമില്ലായിരുന്നു. ക്രമേണ നരേന്ദ്രന്‍ വലുതായപ്പോള്‍ സാഹിത്യവും ചരിത്രവും പഠിക്കുന്നതില്‍ വളരെയധികം ശ്രദ്ധ കാണിച്ചു. 

അത് കൊണ്ടു നരേന്ദ്രന്‍ രാവും പകലും പുസ്തകം വായിച്ചു കൊണ്ടു തന്നെ ഇരുന്നു എന്ന് അര്‍ത്ഥമാക്കണ്ട. കുട്ടിക്കാലം മുതല്‍ക്കേ മനസ്സിന് ഏകാഗ്രത നന്നായി ഉണ്ടായിരുന്നത് കൊണ്ടു അല്പം പരിശ്രമം കൊണ്ടു തന്നെ വളരെയധികം പഠിക്കാനും മനസിലാക്കാനും ഓര്‍മിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ബാക്കി സമയം മുഴുവന്‍ പല വിധം കളികളിലും വിനോദങ്ങളിലും ആണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. ക്രിക്കറ്റ് കളിയിലും ഗുസ്തി പിടുത്തത്തിലും നരേന്ദ്രന്‍ വളരെ സമര്‍ത്ഥനായിരുന്നു. ഇടയ്ക്കിടെ കൂട്ടുകാരോട് കൂടി വഞ്ചി കളിക്കാന്‍ പോകും. ഒരു ദിവസം കളി കഴിഞ്ഞു മടങ്ങുമ്പോള്‍ ഒരു കൂട്ടുകാരന്‍ വഞ്ചിയില്‍ ച്ഛര്‍ദ്ധിച്ചു വഞ്ചിക്കാരന്‍ ആരെയും കരക്കിരങ്ങുവാന്‍ സമ്മതിച്ചില്ല. കഴുകി വൃത്തിയാക്കി കൊടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. നരേന്ദ്രന്‍ സൂത്രത്തില്‍ ചാടി കര പറ്റി. ഗംഗാ നദിയുടെ തീരത്തില്‍ രണ്ടു വെള്ള പട്ടാളക്കാര്‍ നടക്കുന്നുണ്ടായിരുന്നു. തന്റെ കൂട്ടുകാരെ വഞ്ചിയില്‍ നിന്നും ഇറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നു മുറി ഇംഗ്ലീഷ് ഇല്‍ നരേന്ദ്രന്‍ അവരെ മനസിലാക്കി. പട്ടാളക്കാര്‍ വഞ്ചിയുടെ അടുത്ത് വന്നു വഞ്ചിക്കാരനോട് പറഞ്ഞു, കൂട്ടുകാരെ വിടുവിച്ചു. നരേന്ദ്രന്റെ സാമര്‍ത്ഥ്യം കൂട്ടുകാരെല്ലാം പ്രശംസിച്ചു. സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി പോയി.

(തുടരും..)

Friday, January 14, 2011

വീരേശ്വരന്‍

കുട്ടിക്കാലത്ത് വിവേകാനന്ദ സ്വാമിയുടെ പേരു വീരേശ്വരന്‍ എന്നായിരുന്നു. എങ്ങനെയാണ് ആ പേര്‍ കിട്ടിയത് ? അതാണിനി പറയാന്‍ പോകുന്നത്.

വടക്കേ കല്‍ക്കത്തയില്‍ ഹേദുയാ എന്ന സ്ഥലത്തിനടുതാണ് സിമൂലിയാ എന്ന ഗ്രാമം. അവിടെ ഗൌര്‍മോഹന്‍ മുക്കര്‍ജി ലെയിനില്‍ മൂന്നാം നമ്പര്‍ ആണ് അറ്റോര്‍ണി ജനറല്‍ വിശ്വനാഥ ദത്തിന്റെ വീട്. ഭുവനേശ്വരി ദേവിയാണ് അദ്ധേഹത്തിന്റെ സഹധര്‍മ്മിണി. അദ്ദേഹത്തിനു വീടുകളും തോട്ടങ്ങളും കുതിരകളും വണ്ടികളും എല്ലാമുണ്ട്. ഒന്നിന്റെയും കുറവില്ല. ഓരോരുത്തരായി മൂന്നു പെണ്‍കുട്ടികളും അദ്ധേഹത്തിന്റെ വീടിനെ അലങ്കരിക്കുവാനുണ്ടായി. എന്നാല്‍ ഇവയുടെ എല്ലാം മദ്ധ്യത്തില്‍ ഒരു കുറവ് എപ്പോഴും അദ്ദേഹത്തിനു അനുഭവപ്പെട്ടു. വീട്ടില്‍ ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നില്ല.

ഭുവനേശ്വരി ദേവി അതിനു വേണ്ടി കാശിയിലെ വീരേശ്വരശിവന്റെ സമീപത്തില്‍ ഉള്ളഴിഞ്ഞു പ്രാര്‍ഥിച്ചു. പല വഴിപാടുകളും കഴിച്ചു. ഒരു ദിവസം പൂജാസമയത്ത് ധ്യാനത്തിലിരിക്കുമ്പോള്‍ അവര്‍ കണ്ടു. ശിവന്‍ ഒരു കൊച്ചു കുഞ്ഞിന്റെ രൂപത്തില്‍ തന്റെ മടിയില്‍ വന്നിരിക്കുന്നു! ശിവന്‍ തന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു എന്ന് ഭുവനേശ്വരിക്കു മനസ്സിലായി. അവര്‍ സന്തോഷത്തോടെ ദിവസങ്ങള്‍ എണ്ണുവാന്‍ തുടങ്ങി.

ക്രിസ്ത്വാബ്ദം 1863 ജനുവരി 12 നു (കൊല്ലവര്‍ഷം 1038 ല്‍ മകരസംക്രാന്തി ദിവസം)  പ്രഭാത സമയം എല്ലാവരും ഗംഗാ സ്നാനത്തിനു പോയിക്കൊണ്ടിരിക്കുന്നു.  ഈ സമയത്ത് വിശ്വനാഥ ദത്തിന്റെ വീട്ടില്‍ നിന്നും ശംഖധ്വനി മുഴങ്ങിക്കേട്ടു.

വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നവരെല്ലാം ഉണര്‍ന്നു. പുതിയ ചന്ദ്രക്കല പോലെ ആനന്ദദായകനായ ഒരു ശിശു ഭുവനെശ്വരിയുടെ അങ്കത്തെ അലങ്കരിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. വീരേശ്വരശിവന്റെ സ്മരണക്കായി അച്ഛനമ്മമാര്‍ കുട്ടിക്ക് വീരേശ്വരന്‍ എന്ന് നാമകരണം ചെയ്തു. എന്നാല്‍ ഇത്ര വലിയ പേരു എങ്ങനെയാണ് വിളിക്കുക! അത് കൊണ്ടു ചുരുക്കി ബിലെ എന്ന് വിളിച്ചു.

തന്റെ ജന്മകഥ ഓര്‍ത്തു വിവേകാനന്ദ സ്വാമികള്‍ പിന്നീട് പറയാറുണ്ടായിരുന്നു. 'ഞാനങ്ങനെ വെറുതെ ജനിച്ചതാണോ? എനിക്ക് വേണ്ടി എന്റെ അമ്മ   എത്ര തപസ്സു ചെയ്തിരിക്കുന്നു.'

ബിലെ ഒരിക്കലും അടങ്ങിയൊതുങ്ങി കഴിയുന്ന ഒരു കുട്ടിയായിരുന്നില്ല. അമ്മക്ക് അവനെ ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. സഹോദരികള്‍ക്കും വലിയ ക്ലേശം. അത് കൊണ്ടു എപ്പോഴും അവനെ നോക്കുവാന്‍ ഒരു വളര്‍ത്തമ്മയെ നിയമിച്ചു. ബിലെ അവരുടെ അടുക്കല്‍ നിന്നു അനേകം കഥകള്‍ കേട്ട് കൊണ്ടിരുന്നു. പിന്നീട് വലിയ ഒരാളായപ്പോഴും അദ്ദേഹത്തിനു ആ കഥകള്‍ എല്ലാം ഓര്‍മയുണ്ടായിരുന്നു.

ബിലെയുടെ കുസൃതികളെക്കുറിച്ച് പല കഥകളുമുണ്ട്. അക്കാലത്തു കല്‍കത്തയിലെ റോഡിനു ഇരുവശത്തും തുറന്ന ഓടകള്‍ ആണ് ഉണ്ടായിരുന്നത്. വീട്ടിനുള്ളില്‍ എന്തെങ്കിലും കുസൃതി കാണിച്ചു ഓടിച്ചെന്നു ആ ഓടകളില്‍ ഇറങ്ങി നില്‍ക്കും. ചേച്ചിമാര്‍ പിടിക്കുവാന്‍ ചെന്നാല്‍ പറയും. " വരൂ വരൂ ഇവിടെ വന്നു എന്നെ പിടിക്കൂ. " ആരും വരില്ല, അവിടെ വന്നു തന്നെ തൊട്ടാല്‍ കുളിക്കേണ്ടി വരുമെന്ന് അവനറിയാം. അവസാനം അമ്മ വന്നു കുട്ടിയെ പിടിച്ചു കൊണ്ടു പോയി പൈപ്പിന്റെ താഴെ ഇരുത്തി വെള്ളം തുറന്നു വിടും. മറ്റൊരു പാത്രം കൊണ്ടു ഓം നമ ശിവായ എന്ന മന്ത്രം ജപിച്ചു തലയില്‍ വെള്ളം കോരി ഒഴിക്കുകയും ചെയ്യും. ഈ മന്ത്രം കേള്‍ക്കുന്തോറും ബിലെ ശാന്തനാകും. പിന്നീട് അമ്മയോട് ചോദിക്കും. " അമ്മേ. ശിവന്‍ എവിടെയാണിരിക്കുന്നത് ". അമ്മ ഇങ്ങനെ മറുപടി പറയും. " നീ വന്നിട്ടുള്ളത് ശിവന്റെ ലോകത്തില്‍ നിന്നാണ്. എന്നാല്‍ ശിവന്‍ സ്വയം വരാതെ തന്റെ ഒരു ഭൂതത്തെ അയക്കുകയാണ് ചെയ്തത്. അധികം കുസൃതി കാണിച്ചാല്‍ ശിവന്‍ നിന്നെ വീണ്ടും അങ്ങോട്ട്‌ മടങ്ങിച്ചെല്ലാന്‍ സമ്മതിക്കില്ല. "
ഇത് കേട്ട് കുട്ടിയുടെ മനസ്സ് ശിവലോകത്തെപ്പറ്റിയുള്ള ചിന്തയില്‍ മുഴുകും.

എന്നാല്‍ ഇത് കൊണ്ടൊന്നും ബിലെയുടെ കുസൃതികള്‍ കുറഞ്ഞില്ല. ഇടയ്ക്കിടയ്ക്ക് അമ്മ കുട്ടിയെ വീടിന്റെ മുകളിലുള്ള മുറിയില്‍ കൊണ്ടു പോയി അടച്ചിടും. കുട്ടിയാകട്ടെ മുറിയിലുള്ള സാധനങ്ങള്‍ എല്ലാം അങ്ങുമിങ്ങും വാരി വലിച്ചിടും. ജനാലക്കല്‍ ചെന്നു വഴിയില്‍ കൂടി പോകുന്ന ഭിക്ഷക്കാരെ വിളിച്ചു മുറിയിലുള്ള മുണ്ടുകളും ഉടുപ്പുകളും എല്ലാം എറിഞ്ഞു കൊടുക്കും. ഇതെല്ലാം കണ്ടു അവസാനം അമ്മ വന്നു വാതില്‍ തുറന്നു കൊടുക്കും. വാതില്‍ തുറന്നതും ബിലെ അവിടെ നിന്നും ഒറ്റ ഒരോട്ടം. പോയ വഴി ഏതാണെന്ന് ആര്‍ക്കും അറിയുവാന്‍ കൂടി കഴിയില്ല. വീടിനുള്ളില്‍ ഇരിക്കുന്നതിനേക്കാള്‍ ആ കുസൃതിക്കുട്ടന് കൂടുതല്‍ ഇഷ്ടം വെളിയില്‍ ഇരിക്കുന്നതാണ്.  ചിലപ്പോഴെല്ലാം കുതിരാലയത്തില്‍ പോയിരിക്കും. കുതിരക്കരനോട് വളരെ സ്നേഹമായിരുന്നു. മാത്രമല്ല അയാളോട് അല്പം ബഹുമാനവും കൂടിയുണ്ടായിരുന്നു. ഇത്രയും ബലവും പരാക്രമവും എല്ലാം ഉള്ള കുതിരകളെ അനായേസേന നിയന്ത്രിച്ചു നിര്‍ത്തുന്ന ആളല്ലേ. ഒരിക്കല്‍ അച്ഛന്‍ ചോദിച്ചു. " ബിലെ, വലുതാകുമ്പോള്‍ ആരാകാനാണ് നിനക്കിഷ്ടം ? " കുതിരക്കാരന്‍ അല്ലെങ്കില്‍ കുതിരവണ്ടിക്കാരന്‍ എന്നായിരുന്നു കുട്ടിയുടെ പെട്ടെന്നുള്ള മറുപടി.

ബിലെയുടെ ധൈര്യവും അസാമാന്യമായിരുന്നു. ഒന്ന് രണ്ടു കൂട്ടുകാരോട് കൂടി വീടിനടുത്തുള്ള ഒരു ചെമ്പക മരത്തിന്റെ മുകളില്‍ കയറി ഊഞ്ഞാലാടുക അവന്റെ പ്രിയപ്പെട്ട കളികളില്‍ ഒന്നായിരുന്നു. ഇടയ്ക്കിടെ രണ്ടു കാലും കൊമ്പത്ത് പിണച്ചിട്ടു കൈവിട്ടു തല കീഴോട്ടാക്കി ശക്തിയായി ആടും. ഒരു വൃദ്ധന്‍ ഇത് കണ്ടു ആശ്ചര്യപെട്ടു. ഒരു ദിവസം കുട്ടികള്‍ ഊഞ്ഞാലാടുന്നതു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. " കുട്ടികളെ. നിങ്ങള്‍ക്കറിയില്ലേ. ഈ മരത്തില്‍ ഒരു ബ്രഹ്മരക്ഷസ്സുണ്ട്. " ഇത് കേട്ട് കൂട്ടുകാരെല്ലാം പേടിച്ചു ഓടിപോയി. ബിലെ മാത്രം വീണ്ടും മരത്തില്‍ കയറി ആടുവാന്‍ തുടങ്ങി. വൃദ്ധന്‍ ചോദിച്ചു. " എന്താ, നിനക്ക് വിശ്വസമായില്ലേ ? " കുട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു. " ബ്രഹ്മരക്ഷസ്സുണ്ടായിരുന്നെങ്കില്‍, ഇതിനു മുന്‍പേ ഞങ്ങളുടെ കഴുത്തൊടിക്കുമായിരുന്നല്ലോ. ! "

ബിലേക്ക് വേണ്ടപ്പോള്‍ വേണ്ടത് ചെയ്യുവാനുള്ള സാമര്‍ത്യവും നല്ലവണ്ണം ഉണ്ടായിരുന്നു. ഒരു ദിവസം ബിലെ ഒരു കൂട്ടുകാരനോട് കൂടി ഒരു ഉത്സവം കണ്ടു മടങ്ങുകയായിരുന്നു. രണ്ടു പേരുടെ കൈയിലും ഉത്സവ സ്ഥലത്ത് നിന്നും വാങ്ങിയ സാധനങ്ങളും ഉണ്ടായിരുന്നു.പെട്ടെന്ന് ഒരു വണ്ടി വന്നു. കൂട്ടുകാരന്‍ കുതിരയുടെ മുന്‍പില്‍ പെട്ട്. ഇപ്പോള്‍ കുതിരയുടെ കാലിനടിയില്‍ പെടും എന്നായി. എല്ലാവരും അയ്യോ എന്ന് പറഞ്ഞു നിലവിളിക്കാന്‍ തുടങ്ങി. ബിലെയാകട്ടെ പെട്ടെന്നോടിപ്പോയി കുതിരയുടെ മുന്‍പില്‍ ചെന്നു നിന്നു. കുതിര ഒരു ഭാഗത്തേക്ക്‌ വഴി മാറിപ്പോയി. പിന്നെ കൂട്ടുകാരനെ റോഡിന്റെ ഒരു വശത്തേക്ക് കൂട്ടികൊണ്ട് വന്നു.

കൂട്ടുകാരുടെ ഇടയില്‍ ബിലെ ആയിരുന്നു നേതാവ്. അവര്‍ക്ക് ബുദ്ധിപൂര്‍വമായ ഉപദേശങ്ങള്‍ കൊടുക്കും. വിഷമങ്ങളിലും കഷ്ടപ്പടുകളിലും അവരെ രക്ഷിക്കുകയും ചെയ്യും. ഇത് കാരണം കൂട്ടുകാര്‍ക്കും അവനോടു ഭയങ്കര സ്നേഹമായിരുന്നു. ബിലെ ഇല്ലെങ്കില്‍ അവര്‍ക്ക് കളിയില്‍ ഉത്സഹമുണ്ടായിരുന്നില്ല. നേതാവ് വന്നാല്‍ പിന്നെ വലിയ ഉത്സാഹമായി. എന്നും പുതിയ പുതിയ കളികള്‍ കണ്ടു പിടിക്കും. എന്നാലും ബിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കളിയുണ്ടായിരുന്നു. അതാണ്‌ മിക്കവാറും കളിക്കുക. രാജാവും മന്ത്രിയുമായുള്ള കളി. പൂജ മണ്ഡപത്തിന്റെ ഏറ്റവും മുകളിലുള്ള പടിയാണ് രാജാവിന്റെ സിംഹാസനം. അവിടെ രാജാവിരിക്കും. ബിലെ തന്നെ രാജാവ്. മറ്റു കുട്ടികളില്‍ ചിലര്‍ മന്ത്രിമാരും ചിലര്‍ സേനാപതിമാരും ചിലര്‍ പോലീസുകാരും മറ്റുമായി താഴെയുള്ള പടികളില്‍ യഥാക്രമം രണ്ടു വശത്തായിട്ടിരിക്കും. കേസ് വിചാരണ ചെയ്യുക, ശിക്ഷ നടപ്പിലാക്കുക, സമ്മാനം കൊടുക്കുക മുതലായവയെല്ലാം രാജകീയമായ നിലയില്‍ തന്നെ നടത്തും. അപ്പോള്‍ ബിലെയെക്കണ്ടാല്‍ സത്യമായും ഏതോ ഒരു രാജ്യത്തിലെ രാജാവാണെന്ന് തോന്നും. കളിയുടെ അവസാന ഭാഗത്തില്‍ അദ്ദേഹം ഗംഭീരമായി പറയും. " ഞാന്‍ വലുതാകുമ്പോള്‍ ഒന്നുകില്‍ ഒരു രാജാവാകും. അല്ലെങ്കില്‍ ഒരു സന്യാസി ആകും. "

ബിലേക്ക് വളരെ ഇഷ്ടപെട്ട മറ്റൊരു കളി കൂടി ഉണ്ടായിരുന്നു. മൂന്നാം നിലയിലുള്ള ചെറിയ ഒരു മുറിയില്‍ രണ്ടു മൂന്നു കൂട്ടുകാരെയും കൂട്ടിക്കൊണ്ടു പോയി ധ്യാനത്തില്‍ ഇരിക്കുക. ഈ കളിയില്‍ കൂട്ടുകാര്‍ക്ക് വളരെ നേരം ഇരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബിലെ വളരെ നേരം ധ്യാനത്തില്‍ തന്നെ ലയിച്ചിരിക്കും. വിളിച്ചാല്‍ കൂടി കേള്‍ക്കില്ല. എവിടെ നിന്നോ ഒരു സര്‍പ്പം വന്നു ബിലെയുടെ മുന്‍പില്‍ പത്തി വിടര്‍ത്തി നില്‍പ്പായി. കൂട്ടുകാരെല്ലാം ഭയപ്പെട്ടു ഓടിപ്പോയി. അമ്മയെ വിവരം ധരിപ്പിച്ചു. അമ്മ വന്നപ്പോള്‍ സര്‍പ്പം അവിടെയില്ല. എന്നാല്‍ ബിലെ അഗാധമായ ധ്യാനത്തില്‍ മുഴുകിയിരുന്നു. ധ്യാനത്തില്‍ നിന്നുണര്‍ത്തി കുട്ടിയെ താഴേക്കു കൂട്ടിക്കൊണ്ടു പോയി. അമ്മക്കറിയാമായിരുന്നു  ബിലെ എവിടെ നിന്നാണ് വന്നതെന്ന്.. അതുകൊണ്ടാണ് അമ്മ പിന്നീട് അവനു ശിവപൂജ പഠിപ്പിച്ചു കൊടുത്തത്.

രാമായണ കഥ കേള്‍ക്കുന്നത് ബിലേക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കഥ പറയുന്നത് കേട്ട് അവനു ഹനുമാനോട് വളരെയധികം ഭക്തി തോന്നി. ഒരു ദിവസം ഹനുമാന്‍ ചിരന്ജീവിയാനെന്നു പറയുന്നത് കേട്ടു. അന്ന് കഥ തീര്‍ന്നപ്പോള്‍ ബിലെ ചോദിച്ചു. " അല്ല ഹനുമാന്‍ ചിരഞ്ജീവിയാണെങ്കില്‍  ഇപ്പോള്‍ എവിടെയാണിരിക്കുന്നത്. ? എവിടെച്ചെന്നു അന്വേഷിച്ചാലാണ്  അദ്ദേഹത്തെ കാണുവാന്‍ സാധിക്കുക? "  കാഥികന്‍ ഇങ്ങനെ ഒരു ചോദ്യം ഒരിക്കലും കേട്ടിട്ടില്ല. എന്ത് ചെയ്യാം! അദ്ദേഹം മറുപടി പറഞ്ഞു. " ഹനുമാന്‍ വേറെ എവിടെയിരിക്കാനാണ് ? കദളീവനത്തില്‍  തന്നെ ഉണ്ടാകും " കുട്ടി ഹനുമാനെയും തേടി പുറപ്പെട്ടു. നേരം രാത്രിയായി, ബിലെ ഇനിയും വീട്ടില്‍ എത്തിയിട്ടില്ല. അമ്മ ഭ്രുത്യന്മാരെയും കൂട്ടി വിളക്കുമെടുത്തു അന്വേഷിച്ചു പുറപ്പെട്ടു. വീടിനടുത്തുള്ള വാഴത്തോട്ടത്തില്‍ കൂരിരുട്ടത്തു ബിലെ ഒന്നും മിണ്ടാതെ പതുങ്ങിയിരിക്കുന്നു! ഇത് കണ്ട് ആശ്ചര്യപ്പെട്ട അമ്മ ചോദിച്ചു. ' ബിലെ. നീ എന്താണിവിടെ വന്നിരിക്കുന്നത് ? " കുട്ടി കാര്യമെല്ലാം വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടു അമ്മ പറഞ്ഞു. " ഇപ്പോള്‍ വരൂ. ഹനുമാന്‍ ശ്രീരാമചന്ദ്രന്റെ എന്തെങ്ങിലും കാര്യത്തിനു വല്ലയിടത്തും പോയതാകും ". കുട്ടിയുടെ മനസ്സിലുള്ള വിശ്വാസം നശിപ്പിക്കുകയല്ല അമ്മ ചെയ്തത്.

അമ്മയോടാണ് ബിലെ അധികവും തര്‍ക്കിക്കുക. ഉന്നനിരിക്കുമ്പോള്‍ ഇടത്തെ കൈ കൊണ്ടു ഗ്ലാസെടുത്ത് വെള്ളം കുടിക്കും ( ഊണ് കഴിക്കുമ്പോള്‍ ഇടത്തെ കൈ കൊണ്ടു വെള്ളം കുടിക്കുന്നത് നിഷിദ്ധമായിട്ടാണ് ബംഗാളില്‍ കണക്കാക്കുന്നത്. ) അത് കണ്ടു അമ്മ പറയും " ഹേ നീ എന്താണ് ചെയ്യുന്നത് ? വലത്തേ കൈ കൊണ്ടു വെള്ളം കുടിക്കൂ.. "

" എന്ത് കൊണ്ട് ? "

അമ്മ പറയും " ഇങ്ങനെ വെള്ളം കുടിച്ചാല്‍ രണ്ടു കൈയും എച്ചിലാകും. "

ഇങ്ങനെ കുടിച്ചാല്‍ ഗ്ലാസ്സില്‍ അഴുക്കാവുകയില്ലല്ലോ. എന്നാണു ബിലെയുടെ ഉത്തരം. :)

ഒരു ദിവസം അച്ഛന്റെ ആഫീസ് മുറിയില്‍ ഒരു മുസ്ലിം കക്ഷി കൌതുകമുള്ള ബിലെയെ കണ്ടു. തന്റെ കൈ കൊണ്ട് കുട്ടിക്ക് സന്ദേശ് (പാലില്‍ നിന്നുണ്ടാക്കുന്ന ഒരു മധുര പലഹാരം ) തിന്നാന്‍ കൊടുത്തു. പര്‍ദ്ദയുടെ മറുവശത്ത് നിന്നു ഇത് കണ്ട അമ്മ കുട്ടിയെ വിളിച്ചു പറഞ്ഞു. " അല്ല ബിലെ, നീ ആ മുസല്‍മാന്റെ കൈയില്‍ നിന്നും സന്ദേശ് വാങ്ങിച്ചു തിന്നോ ? "

" എന്താ.? അത് കൊണ്ടെന്താ ? "

അമ്മയുടെ മറുപടി - " മറ്റു മതക്കാരെ തൊട്ടു തിന്നാല്‍ തിന്നുന്നവരുടെ ജാതി പോകും "

ആഫീസ് മുറിയില്‍ ഓരോരോ ജാതിക്കാര്‍ക്കായി പ്രത്യേകം പ്രത്യേകം ഹുക്ക വെച്ചിരുന്നു. ഒരു ദിവസം ആരും മുറിയില്‍ ഇല്ലാത്തപ്പോള്‍ ബിലെ അകത്തു കടന്നു ഓരോരോ ഹുക്കകളായി ഉപയോഗിച്ച് നോക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ശബ്ദം കേട്ടു അച്ഛന്‍ അകത്തു വന്നു പുത്രന്റെ പ്രവൃത്തി കണ്ടു ആശ്ചര്യപ്പെട്ടു ചോദിച്ചു. " നീ എന്താണിവിടെ ചെയ്യുന്നത് ? "

ബിലെയുടെ സരളമായ മറുപടി. " എങ്ങനെയാണ് ജാതി പോവുക എന്ന് നോക്കുകയാണ് "

Saturday, December 25, 2010

നര-ഋഷി

നമ്മുടെ കഥപുരുഷനെ പറ്റി മനസ്സിലാക്കുന്നതിനു മറ്റൊരു അപൂര്‍വ്വ മനുഷ്യന്റെ കഥ ആദ്യം അറിയേണ്ടതുണ്ട്. അദ്ധേഹത്തിന്റെ പേരാണ് ശ്രീ രാമകൃഷ്ണന്‍.

ഈ കഥ ആരംഭിക്കുന്നതിനു ഏതാണ്ട് ഇരുപതിരുപത്തഞ്ചു കൊല്ലം മുന്‍പ് 1836 ല്‍ ഹൂഗ്ലി ജില്ലയിലെ കാമാര്‍ പുക്കൂര്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്‌. പതിനാറു പതിനേഴു വയസ്സുള്ളപ്പോള്‍ അദ്ദേഹം കല്‍കത്തക്കടുത്തു ദക്ഷിണേശ്വരത്തിലെ കാളീക്ഷേത്രത്തില്‍ പൂജാരിയായി വന്നു. പൂജിക്കുന്ന സമയത്ത് ദിവസവും അദ്ദേഹം നിലവിളിച്ചു കൊണ്ടു പറയും. " അമ്മേ ദര്‍ശനം തരൂ.. ദര്‍ശനം തരൂ.. " കുട്ടിയുടെ നിലവിളി കേട്ട് അമ്മ നൂറുകൂട്ടം കാര്യങ്ങള്‍ വിട്ടെറിഞ്ഞ്‌ ഓടിയെത്തുന്നത്‌  പോലെ ജഗന്മാതാവും ശ്രീരാമകൃഷ്ണന്റെ വ്യാകുലഭാവത്തിലുള്ള വിളി കേട്ട് അദ്ധേഹത്തിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷമാണ് ശ്രീരാമകൃഷ്ണന്റെ ദിവ്യ ജീവിതവും അപൂര്‍വ്വ സാധനകളും ആരംഭിക്കുന്നത്. ഏതെല്ലാം ഭാവങ്ങളില്‍ ഏതെല്ലാം സാധനകള്‍ ഉണ്ടോ, അവയെല്ലാം അദ്ദേഹം അനുഷ്ഠിച്ചു. അവസാനം അദ്ദേഹത്തിനിത്‌ ബോധ്യമായി: എല്ലാ മതങ്ങളും സത്യമാണ്.

ശ്രീരാമകൃഷ്ണന്‍ സ്കൂളില്‍ പോയി. എന്നാല്‍ എഴുത്തും വായനയും ഒന്നും അധികം പഠിച്ചില്ല. എങ്കിലും മനോഹരങ്ങളായ ഉപമകളെ കൊണ്ടും ഖണ്ഡിക്കാനാകാത്ത  യുക്തികളെകൊണ്ടും വലിയ വലിയ പണ്ഡിതന്മാര്‍ക്ക് കൂടി ധര്‍മ്മത്തിന്റെ ഗഹനങ്ങളായ തത്വങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ അദ്ദേഹം മനസ്സിലാക്കി കൊടുത്തിരുന്നു. ഈശ്വരന്‍ സാകാരനോ നിരാകാരനോ എന്ന ചോദ്യത്തിനു ഉത്തരമായി അദ്ദേഹം പറയും.

" വെള്ളത്തിന്‌ മൂന്നു അവസ്ഥകള്‍ ഉണ്ട്. നിരകാരമായ നീരാവി, സാകാരമായ മഞ്ഞുകട്ട, ഇരിക്കുന്ന പാത്രത്തിന്റെ രൂപം ധരിക്കുന്ന ജലം. "

എല്ലാ മതക്കാരും ആരാധിക്കുന്ന ഈശ്വരന്‍ ഒന്ന് തന്നെയാണ്. ഈ തത്വം മനസിലാക്കി കൊണ്ടു അദ്ദേഹം പറയാറുണ്ട്‌.

" വെള്ളത്തിന്‌ ജലമെന്നു ചിലര്‍ പറയുന്നു, ചിലര്‍ പാനി എന്നു പറയുന്നു, മറ്റു ചിലര്‍  വാട്ടര്‍ എന്നു പറയുന്നു. ഇതു പേര്‍ പറഞ്ഞു വെള്ളം കുടിച്ചാലും നമ്മുടെ ദാഹം മാറും. "

അടുത്ത് വരുന്നവര്‍ ആരായാലും അദ്ദേഹം ഈ വിധത്തിലുള്ള ഭാവത്തിലും ഭാഷയിലും തന്റെ അനുഭൂതിയുടെ കഥകള്‍ അവരെ കേള്‍പ്പിച്ചിരുന്നു. എന്നാല്‍ ആരാണ് തന്റെ ഉദാരങ്ങളായ ഈ ആശയങ്ങളെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുക. ? ഈ കാര്യം ആലോചിച്ചു കൊണ്ടു അദ്ദേഹം അഗാധമായ ധ്യാനത്തില്‍ മുഴുകി. ആ സമയത്ത് അദ്ദേഹത്തിനെ മനസ്സ് ജ്യോതിസ്സുകളുടെ ഏതോ ഒരു ലോകത്തില്‍ എത്തിച്ചേര്‍ന്നു.

അവിടെ അദ്ദേഹം കണ്ടു: അതി തേജസ്വികളായ ചില ഋഷി ശ്രേഷ്ഠന്മാര്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നു.

ജ്യോതിര്‍മയനായ ഒരു ശിശുവിന്റെ രൂപം ധരിച്ചു അദ്ദേഹം ഋഷിമാരുടെ ഇടയില്‍ അതി ശ്രേഷ്ഠനായ നര ഋഷിയുടെ അടുത്ത് എത്തിച്ചേര്‍ന്നു. അവിടെ അദ്ദേഹത്തിന്റെ കഴുത്തു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.. ഞാന്‍ ഭൂമിയിലേക്ക്‌ പോകുന്നു. നിങ്ങളും കൂടി വരണം. മഹര്‍ഷി കണ്ണു തുറന്നൊന്നു നോക്കി. ആ കണ്ണുകളില്‍ നിന്നു ഒരു തേജോരശ്മി  വന്നു ഭൂമിയെ സ്പര്‍ശിച്ചു. ഈ ദിവ്യ ദര്‍ശനത്തെ സൂചിപ്പിച്ചു കൊണ്ടു പിന്നീട് ശ്രീരാമകൃഷ്ണന്‍ പറയുകയുണ്ടായി.

" അന്ന് തന്നെ നരേന്ദ്രന്‍ ജനിച്ചുവെന്നു ഞാന്‍ അറിഞ്ഞിട്ടുണ്ട്. "

ഇന്നത്തെ ലോകത്തിന്റെ ദുഖങ്ങളും ദുരിതങ്ങളും ആധുനിക മനുഷ്യരുടെ സംശയവും അവിശ്വാസവും ഈ യുഗത്തിലെ നിരീശ്വരത്വവും യുക്തിവാദവും സമുദായത്തിലെ ധര്‍മ്മലോപവും മതകലഹങ്ങളും - ഇവയെല്ലാം ഇല്ലാതാക്കുവാന്‍ , ശ്രീരാമകൃഷ്ണന്‍ പല സാധനകളും ചെയ്തു സമ്പാദിച്ച ആ ദിവ്യശക്തി എല്ലാവരുടെയും ജീവിതത്തിലേക്ക് സംക്രമിപ്പിക്കണം. ലോകത്തിന്റെ നന്മക്കു വേണ്ടി അത് ചെയ്യുവാന്‍ എല്ലാം തികഞ്ഞ ഒരു മഹാപുരുഷന്‍ വേണ്ടിയിരുന്നു.. ആ പരിപൂര്‍ണ്ണ പുരുഷനാണ് നര-ഋഷിയായ നരേന്ദ്രനാഥന്‍, വിശ്വവിജയിയായ വീരവിവേകാനന്ദന്‍..

Sunday, December 19, 2010

കുട്ടികളുടെ വിവേകാനന്ദന്‍ - ഒരു നൂറ്റാണ്ടിനു മുന്‍പ്

ഇന്നത്തെ നാടു കാണുമ്പോള്‍ നമുക്ക് മനസ്സിലാവില്ല, ഒരു നൂറ്റാണ്ടിനു മുന്‍പ് നമ്മുടെ നാടിന്റെ സ്ഥിതി എന്തായിരുന്നു എന്ന്. കൃസ്തുവര്‍ഷം 1857 - ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി ശിപായി ലഹള പൊട്ടിപ്പുറപ്പെട്ടു. അതിനു ശേഷമാണ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കാരുടെ കയ്യില്‍ നിന്നു ഭാരതത്തിന്റെ ഭരണാധികാരം ബ്രിട്ടീഷ് പാര്‍ലമെന്റു ഏറ്റെടുത്തത്. അതിനെ തുടര്‍ന്നു വിക്ടോറിയ മഹാരാജ്ഞിയുടെ വിളംബരം ഉണ്ടായി. ഇപ്പോള്‍ മുതല്‍ ഭാരതത്തില്‍ പുതിയ നിയമങ്ങള്‍ അനുസരിച്ചാണ്  ഭരണം നടക്കുക. അത് കൊണ്ടു ക്രമേണ അഭിവൃദ്ധി ഉണ്ടാകും. ആരുടേം മത കാര്യങ്ങളില്‍ കൈ കടത്തുകയില്ല എന്നും മറ്റും.. 

വാസ്തവത്തില്‍ അതിനു ശേഷം കുറച്ചു കാലം ശാന്തിയുടെയും അഭിവൃദ്ധിയുടെയും കാലമായിരുന്നു. ആ കാലത്ത് ഭാരതത്തില്‍ അങ്ങിങ്ങ് ജന്മമെടുത്തിട്ടുള്ള വലിയ മഹാത്മാക്കള്‍ ലോകത്തിന്റെ മുഴുവന്‍ ബഹുമാന ആദരങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. അവരുടെ ബുദ്ധിശക്തിയുടെ വികാസം കണ്ട് എല്ലാവരും അത്ബുധ സ്തബ്ധരായി. ഒരു വലിയ സമുദായം ഉറക്കത്തില്‍ നിന്നുണര്‍ന്നു സ്വന്തം കാര്യങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കിയത്‌ അവരുടെ വാക്കുകള്‍ കേട്ടിട്ടാണ്.

 ഇവിടെ ഇങ്ങനെയുള്ള ഒരു മഹാ പുരുഷന്റെ കഥയാണ്‌ പറയാന്‍ പോകുന്നത്. തന്നെ സംബന്ധിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെ ആണ്. 

" എന്നുടെ ജീവിതം തന്നിലുയിര്‍ക്കൊണ്ടു
മന്നിടമെല്ലാം ഉണര്‍ന്നിടട്ടെ "
**********