കുട്ടിക്കാലത്ത് വിവേകാനന്ദ സ്വാമിയുടെ പേരു വീരേശ്വരന്‍ എന്നായിരുന്നു. എങ്ങനെയാണ് ആ പേര്‍ കിട്ടിയത് ? അതാണിനി പറയാന്‍ പോകുന്നത്.
വടക്കേ കല്‍ക്കത്തയില്‍ ഹേദുയാ എന്ന സ്ഥലത്തിനടുതാണ് സിമൂലിയാ എന്ന ഗ്രാമം. അവിടെ ഗൌര്‍മോഹന്‍ മുക്കര്‍ജി ലെയിനില്‍ മൂന്നാം നമ്പര്‍ ആണ് അറ്റോര്‍ണി ജനറല്‍ വിശ്വനാഥ ദത്തിന്റെ വീട്. ഭുവനേശ്വരി ദേവിയാണ് അദ്ധേഹത്തിന്റെ സഹധര്‍മ്മിണി. അദ്ദേഹത്തിനു വീടുകളും തോട്ടങ്ങളും കുതിരകളും വണ്ടികളും എല്ലാമുണ്ട്. ഒന്നിന്റെയും കുറവില്ല. ഓരോരുത്തരായി മൂന്നു പെണ്‍കുട്ടികളും അദ്ധേഹത്തിന്റെ വീടിനെ അലങ്കരിക്കുവാനുണ്ടായി. എന്നാല്‍ ഇവയുടെ എല്ലാം മദ്ധ്യത്തില്‍ ഒരു കുറവ് എപ്പോഴും അദ്ദേഹത്തിനു അനുഭവപ്പെട്ടു. വീട്ടില്‍ ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നില്ല.
ഭുവനേശ്വരി ദേവി അതിനു വേണ്ടി കാശിയിലെ വീരേശ്വരശിവന്റെ സമീപത്തില്‍ ഉള്ളഴിഞ്ഞു പ്രാര്‍ഥിച്ചു. പല വഴിപാടുകളും കഴിച്ചു. ഒരു ദിവസം പൂജാസമയത്ത് ധ്യാനത്തിലിരിക്കുമ്പോള്‍ അവര്‍ കണ്ടു. ശിവന്‍ ഒരു കൊച്ചു കുഞ്ഞിന്റെ രൂപത്തില്‍ തന്റെ മടിയില്‍ വന്നിരിക്കുന്നു! ശിവന്‍ തന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു എന്ന് ഭുവനേശ്വരിക്കു മനസ്സിലായി. അവര്‍ സന്തോഷത്തോടെ ദിവസങ്ങള്‍ എണ്ണുവാന്‍ തുടങ്ങി.
ക്രിസ്ത്വാബ്ദം 1863 ജനുവരി 12 നു (കൊല്ലവര്‍ഷം 1038 ല്‍ മകരസംക്രാന്തി ദിവസം) പ്രഭാത സമയം എല്ലാവരും ഗംഗാ സ്നാനത്തിനു പോയിക്കൊണ്ടിരിക്കുന്നു. ഈ സമയത്ത് വിശ്വനാഥ ദത്തിന്റെ വീട്ടില്‍ നിന്നും ശംഖധ്വനി മുഴങ്ങിക്കേട്ടു.
വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നവരെല്ലാം ഉണര്‍ന്നു. പുതിയ ചന്ദ്രക്കല പോലെ ആനന്ദദായകനായ ഒരു ശിശു ഭുവനെശ്വരിയുടെ അങ്കത്തെ അലങ്കരിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. വീരേശ്വരശിവന്റെ സ്മരണക്കായി അച്ഛനമ്മമാര്‍ കുട്ടിക്ക് വീരേശ്വരന്‍ എന്ന് നാമകരണം ചെയ്തു. എന്നാല്‍ ഇത്ര വലിയ പേരു എങ്ങനെയാണ് വിളിക്കുക! അത് കൊണ്ടു ചുരുക്കി ബിലെ എന്ന് വിളിച്ചു.
തന്റെ ജന്മകഥ ഓര്‍ത്തു വിവേകാനന്ദ സ്വാമികള്‍ പിന്നീട് പറയാറുണ്ടായിരുന്നു. 'ഞാനങ്ങനെ വെറുതെ ജനിച്ചതാണോ? എനിക്ക് വേണ്ടി എന്റെ അമ്മ എത്ര തപസ്സു ചെയ്തിരിക്കുന്നു.'
ബിലെ ഒരിക്കലും അടങ്ങിയൊതുങ്ങി കഴിയുന്ന ഒരു കുട്ടിയായിരുന്നില്ല. അമ്മക്ക് അവനെ ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. സഹോദരികള്‍ക്കും വലിയ ക്ലേശം. അത് കൊണ്ടു എപ്പോഴും അവനെ നോക്കുവാന്‍ ഒരു വളര്‍ത്തമ്മയെ നിയമിച്ചു. ബിലെ അവരുടെ അടുക്കല്‍ നിന്നു അനേകം കഥകള്‍ കേട്ട് കൊണ്ടിരുന്നു. പിന്നീട് വലിയ ഒരാളായപ്പോഴും അദ്ദേഹത്തിനു ആ കഥകള്‍ എല്ലാം ഓര്‍മയുണ്ടായിരുന്നു.
ബിലെയുടെ കുസൃതികളെക്കുറിച്ച് പല കഥകളുമുണ്ട്. അക്കാലത്തു കല്‍കത്തയിലെ റോഡിനു ഇരുവശത്തും തുറന്ന ഓടകള്‍ ആണ് ഉണ്ടായിരുന്നത്. വീട്ടിനുള്ളില്‍ എന്തെങ്കിലും കുസൃതി കാണിച്ചു ഓടിച്ചെന്നു ആ ഓടകളില്‍ ഇറങ്ങി നില്‍ക്കും. ചേച്ചിമാര്‍ പിടിക്കുവാന്‍ ചെന്നാല്‍ പറയും. " വരൂ വരൂ ഇവിടെ വന്നു എന്നെ പിടിക്കൂ. " ആരും വരില്ല, അവിടെ വന്നു തന്നെ തൊട്ടാല്‍ കുളിക്കേണ്ടി വരുമെന്ന് അവനറിയാം. അവസാനം അമ്മ വന്നു കുട്ടിയെ പിടിച്ചു കൊണ്ടു പോയി പൈപ്പിന്റെ താഴെ ഇരുത്തി വെള്ളം തുറന്നു വിടും. മറ്റൊരു പാത്രം കൊണ്ടു ഓം നമ ശിവായ എന്ന മന്ത്രം ജപിച്ചു തലയില്‍ വെള്ളം കോരി ഒഴിക്കുകയും ചെയ്യും. ഈ മന്ത്രം കേള്‍ക്കുന്തോറും ബിലെ ശാന്തനാകും. പിന്നീട് അമ്മയോട് ചോദിക്കും. " അമ്മേ. ശിവന്‍ എവിടെയാണിരിക്കുന്നത് ". അമ്മ ഇങ്ങനെ മറുപടി പറയും. " നീ വന്നിട്ടുള്ളത് ശിവന്റെ ലോകത്തില്‍ നിന്നാണ്. എന്നാല്‍ ശിവന്‍ സ്വയം വരാതെ തന്റെ ഒരു ഭൂതത്തെ അയക്കുകയാണ് ചെയ്തത്. അധികം കുസൃതി കാണിച്ചാല്‍ ശിവന്‍ നിന്നെ വീണ്ടും അങ്ങോട്ട് മടങ്ങിച്ചെല്ലാന്‍ സമ്മതിക്കില്ല. "
ഇത് കേട്ട് കുട്ടിയുടെ മനസ്സ് ശിവലോകത്തെപ്പറ്റിയുള്ള ചിന്തയില്‍ മുഴുകും.
എന്നാല്‍ ഇത് കൊണ്ടൊന്നും ബിലെയുടെ കുസൃതികള്‍ കുറഞ്ഞില്ല. ഇടയ്ക്കിടയ്ക്ക് അമ്മ കുട്ടിയെ വീടിന്റെ മുകളിലുള്ള മുറിയില്‍ കൊണ്ടു പോയി അടച്ചിടും. കുട്ടിയാകട്ടെ മുറിയിലുള്ള സാധനങ്ങള്‍ എല്ലാം അങ്ങുമിങ്ങും വാരി വലിച്ചിടും. ജനാലക്കല്‍ ചെന്നു വഴിയില്‍ കൂടി പോകുന്ന ഭിക്ഷക്കാരെ വിളിച്ചു മുറിയിലുള്ള മുണ്ടുകളും ഉടുപ്പുകളും എല്ലാം എറിഞ്ഞു കൊടുക്കും. ഇതെല്ലാം കണ്ടു അവസാനം അമ്മ വന്നു വാതില്‍ തുറന്നു കൊടുക്കും. വാതില്‍ തുറന്നതും ബിലെ അവിടെ നിന്നും ഒറ്റ ഒരോട്ടം. പോയ വഴി ഏതാണെന്ന് ആര്‍ക്കും അറിയുവാന്‍ കൂടി കഴിയില്ല. വീടിനുള്ളില്‍ ഇരിക്കുന്നതിനേക്കാള്‍ ആ കുസൃതിക്കുട്ടന് കൂടുതല്‍ ഇഷ്ടം വെളിയില്‍ ഇരിക്കുന്നതാണ്. ചിലപ്പോഴെല്ലാം കുതിരാലയത്തില്‍ പോയിരിക്കും. കുതിരക്കരനോട് വളരെ സ്നേഹമായിരുന്നു. മാത്രമല്ല അയാളോട് അല്പം ബഹുമാനവും കൂടിയുണ്ടായിരുന്നു. ഇത്രയും ബലവും പരാക്രമവും എല്ലാം ഉള്ള കുതിരകളെ അനായേസേന നിയന്ത്രിച്ചു നിര്‍ത്തുന്ന ആളല്ലേ. ഒരിക്കല്‍ അച്ഛന്‍ ചോദിച്ചു. " ബിലെ, വലുതാകുമ്പോള്‍ ആരാകാനാണ് നിനക്കിഷ്ടം ? " കുതിരക്കാരന്‍ അല്ലെങ്കില്‍ കുതിരവണ്ടിക്കാരന്‍ എന്നായിരുന്നു കുട്ടിയുടെ പെട്ടെന്നുള്ള മറുപടി.
ബിലെയുടെ ധൈര്യവും അസാമാന്യമായിരുന്നു. ഒന്ന് രണ്ടു കൂട്ടുകാരോട് കൂടി വീടിനടുത്തുള്ള ഒരു ചെമ്പക മരത്തിന്റെ മുകളില്‍ കയറി ഊഞ്ഞാലാടുക അവന്റെ പ്രിയപ്പെട്ട കളികളില്‍ ഒന്നായിരുന്നു. ഇടയ്ക്കിടെ രണ്ടു കാലും കൊമ്പത്ത് പിണച്ചിട്ടു കൈവിട്ടു തല കീഴോട്ടാക്കി ശക്തിയായി ആടും. ഒരു വൃദ്ധന്‍ ഇത് കണ്ടു ആശ്ചര്യപെട്ടു. ഒരു ദിവസം കുട്ടികള്‍ ഊഞ്ഞാലാടുന്നതു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. " കുട്ടികളെ. നിങ്ങള്‍ക്കറിയില്ലേ. ഈ മരത്തില്‍ ഒരു ബ്രഹ്മരക്ഷസ്സുണ്ട്. " ഇത് കേട്ട് കൂട്ടുകാരെല്ലാം പേടിച്ചു ഓടിപോയി. ബിലെ മാത്രം വീണ്ടും മരത്തില്‍ കയറി ആടുവാന്‍ തുടങ്ങി. വൃദ്ധന്‍ ചോദിച്ചു. " എന്താ, നിനക്ക് വിശ്വസമായില്ലേ ? " കുട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു. " ബ്രഹ്മരക്ഷസ്സുണ്ടായിരുന്നെങ്കില്‍, ഇതിനു മുന്‍പേ ഞങ്ങളുടെ കഴുത്തൊടിക്കുമായിരുന്നല്ലോ. ! "
ബിലേക്ക് വേണ്ടപ്പോള്‍ വേണ്ടത് ചെയ്യുവാനുള്ള സാമര്‍ത്യവും നല്ലവണ്ണം ഉണ്ടായിരുന്നു. ഒരു ദിവസം ബിലെ ഒരു കൂട്ടുകാരനോട് കൂടി ഒരു ഉത്സവം കണ്ടു മടങ്ങുകയായിരുന്നു. രണ്ടു പേരുടെ കൈയിലും ഉത്സവ സ്ഥലത്ത് നിന്നും വാങ്ങിയ സാധനങ്ങളും ഉണ്ടായിരുന്നു.പെട്ടെന്ന് ഒരു വണ്ടി വന്നു. കൂട്ടുകാരന്‍ കുതിരയുടെ മുന്‍പില്‍ പെട്ട്. ഇപ്പോള്‍ കുതിരയുടെ കാലിനടിയില്‍ പെടും എന്നായി. എല്ലാവരും അയ്യോ എന്ന് പറഞ്ഞു നിലവിളിക്കാന്‍ തുടങ്ങി. ബിലെയാകട്ടെ പെട്ടെന്നോടിപ്പോയി കുതിരയുടെ മുന്‍പില്‍ ചെന്നു നിന്നു. കുതിര ഒരു ഭാഗത്തേക്ക് വഴി മാറിപ്പോയി. പിന്നെ കൂട്ടുകാരനെ റോഡിന്റെ ഒരു വശത്തേക്ക് കൂട്ടികൊണ്ട് വന്നു.
കൂട്ടുകാരുടെ ഇടയില്‍ ബിലെ ആയിരുന്നു നേതാവ്. അവര്‍ക്ക് ബുദ്ധിപൂര്‍വമായ ഉപദേശങ്ങള്‍ കൊടുക്കും. വിഷമങ്ങളിലും കഷ്ടപ്പടുകളിലും അവരെ രക്ഷിക്കുകയും ചെയ്യും. ഇത് കാരണം കൂട്ടുകാര്‍ക്കും അവനോടു ഭയങ്കര സ്നേഹമായിരുന്നു. ബിലെ ഇല്ലെങ്കില്‍ അവര്‍ക്ക് കളിയില്‍ ഉത്സഹമുണ്ടായിരുന്നില്ല. നേതാവ് വന്നാല്‍ പിന്നെ വലിയ ഉത്സാഹമായി. എന്നും പുതിയ പുതിയ കളികള്‍ കണ്ടു പിടിക്കും. എന്നാലും ബിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കളിയുണ്ടായിരുന്നു. അതാണ് മിക്കവാറും കളിക്കുക. രാജാവും മന്ത്രിയുമായുള്ള കളി. പൂജ മണ്ഡപത്തിന്റെ ഏറ്റവും മുകളിലുള്ള പടിയാണ് രാജാവിന്റെ സിംഹാസനം. അവിടെ രാജാവിരിക്കും. ബിലെ തന്നെ രാജാവ്. മറ്റു കുട്ടികളില്‍ ചിലര്‍ മന്ത്രിമാരും ചിലര്‍ സേനാപതിമാരും ചിലര്‍ പോലീസുകാരും മറ്റുമായി താഴെയുള്ള പടികളില്‍ യഥാക്രമം രണ്ടു വശത്തായിട്ടിരിക്കും. കേസ് വിചാരണ ചെയ്യുക, ശിക്ഷ നടപ്പിലാക്കുക, സമ്മാനം കൊടുക്കുക മുതലായവയെല്ലാം രാജകീയമായ നിലയില്‍ തന്നെ നടത്തും. അപ്പോള്‍ ബിലെയെക്കണ്ടാല്‍ സത്യമായും ഏതോ ഒരു രാജ്യത്തിലെ രാജാവാണെന്ന് തോന്നും. കളിയുടെ അവസാന ഭാഗത്തില്‍ അദ്ദേഹം ഗംഭീരമായി പറയും. " ഞാന്‍ വലുതാകുമ്പോള്‍ ഒന്നുകില്‍ ഒരു രാജാവാകും. അല്ലെങ്കില്‍ ഒരു സന്യാസി ആകും. "
ബിലേക്ക് വളരെ ഇഷ്ടപെട്ട മറ്റൊരു കളി കൂടി ഉണ്ടായിരുന്നു. മൂന്നാം നിലയിലുള്ള ചെറിയ ഒരു മുറിയില്‍ രണ്ടു മൂന്നു കൂട്ടുകാരെയും കൂട്ടിക്കൊണ്ടു പോയി ധ്യാനത്തില്‍ ഇരിക്കുക. ഈ കളിയില്‍ കൂട്ടുകാര്‍ക്ക് വളരെ നേരം ഇരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബിലെ വളരെ നേരം ധ്യാനത്തില്‍ തന്നെ ലയിച്ചിരിക്കും. വിളിച്ചാല്‍ കൂടി കേള്‍ക്കില്ല. എവിടെ നിന്നോ ഒരു സര്‍പ്പം വന്നു ബിലെയുടെ മുന്‍പില്‍ പത്തി വിടര്‍ത്തി നില്‍പ്പായി. കൂട്ടുകാരെല്ലാം ഭയപ്പെട്ടു ഓടിപ്പോയി. അമ്മയെ വിവരം ധരിപ്പിച്ചു. അമ്മ വന്നപ്പോള്‍ സര്‍പ്പം അവിടെയില്ല. എന്നാല്‍ ബിലെ അഗാധമായ ധ്യാനത്തില്‍ മുഴുകിയിരുന്നു. ധ്യാനത്തില്‍ നിന്നുണര്‍ത്തി കുട്ടിയെ താഴേക്കു കൂട്ടിക്കൊണ്ടു പോയി. അമ്മക്കറിയാമായിരുന്നു ബിലെ എവിടെ നിന്നാണ് വന്നതെന്ന്.. അതുകൊണ്ടാണ് അമ്മ പിന്നീട് അവനു ശിവപൂജ പഠിപ്പിച്ചു കൊടുത്തത്.
രാമായണ കഥ കേള്‍ക്കുന്നത് ബിലേക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കഥ പറയുന്നത് കേട്ട് അവനു ഹനുമാനോട് വളരെയധികം ഭക്തി തോന്നി. ഒരു ദിവസം ഹനുമാന്‍ ചിരന്ജീവിയാനെന്നു പറയുന്നത് കേട്ടു. അന്ന് കഥ തീര്‍ന്നപ്പോള്‍ ബിലെ ചോദിച്ചു. " അല്ല ഹനുമാന്‍ ചിരഞ്ജീവിയാണെങ്കില്‍ ഇപ്പോള്‍ എവിടെയാണിരിക്കുന്നത്. ? എവിടെച്ചെന്നു അന്വേഷിച്ചാലാണ് അദ്ദേഹത്തെ കാണുവാന്‍ സാധിക്കുക? " കാഥികന്‍ ഇങ്ങനെ ഒരു ചോദ്യം ഒരിക്കലും കേട്ടിട്ടില്ല. എന്ത് ചെയ്യാം! അദ്ദേഹം മറുപടി പറഞ്ഞു. " ഹനുമാന്‍ വേറെ എവിടെയിരിക്കാനാണ് ? കദളീവനത്തില്‍ തന്നെ ഉണ്ടാകും " കുട്ടി ഹനുമാനെയും തേടി പുറപ്പെട്ടു. നേരം രാത്രിയായി, ബിലെ ഇനിയും വീട്ടില്‍ എത്തിയിട്ടില്ല. അമ്മ ഭ്രുത്യന്മാരെയും കൂട്ടി വിളക്കുമെടുത്തു അന്വേഷിച്ചു പുറപ്പെട്ടു. വീടിനടുത്തുള്ള വാഴത്തോട്ടത്തില്‍ കൂരിരുട്ടത്തു ബിലെ ഒന്നും മിണ്ടാതെ പതുങ്ങിയിരിക്കുന്നു! ഇത് കണ്ട് ആശ്ചര്യപ്പെട്ട അമ്മ ചോദിച്ചു. ' ബിലെ. നീ എന്താണിവിടെ വന്നിരിക്കുന്നത് ? " കുട്ടി കാര്യമെല്ലാം വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടു അമ്മ പറഞ്ഞു. " ഇപ്പോള്‍ വരൂ. ഹനുമാന്‍ ശ്രീരാമചന്ദ്രന്റെ എന്തെങ്ങിലും കാര്യത്തിനു വല്ലയിടത്തും പോയതാകും ". കുട്ടിയുടെ മനസ്സിലുള്ള വിശ്വാസം നശിപ്പിക്കുകയല്ല അമ്മ ചെയ്തത്.
അമ്മയോടാണ് ബിലെ അധികവും തര്‍ക്കിക്കുക. ഉന്നനിരിക്കുമ്പോള്‍ ഇടത്തെ കൈ കൊണ്ടു ഗ്ലാസെടുത്ത് വെള്ളം കുടിക്കും ( ഊണ് കഴിക്കുമ്പോള്‍ ഇടത്തെ കൈ കൊണ്ടു വെള്ളം കുടിക്കുന്നത് നിഷിദ്ധമായിട്ടാണ് ബംഗാളില്‍ കണക്കാക്കുന്നത്. ) അത് കണ്ടു അമ്മ പറയും " ഹേ നീ എന്താണ് ചെയ്യുന്നത് ? വലത്തേ കൈ കൊണ്ടു വെള്ളം കുടിക്കൂ.. "
" എന്ത് കൊണ്ട് ? "
അമ്മ പറയും " ഇങ്ങനെ വെള്ളം കുടിച്ചാല്‍ രണ്ടു കൈയും എച്ചിലാകും. "
ഇങ്ങനെ കുടിച്ചാല്‍ ഗ്ലാസ്സില്‍ അഴുക്കാവുകയില്ലല്ലോ. എന്നാണു ബിലെയുടെ ഉത്തരം. :)
ഒരു ദിവസം അച്ഛന്റെ ആഫീസ് മുറിയില്‍ ഒരു മുസ്ലിം കക്ഷി കൌതുകമുള്ള ബിലെയെ കണ്ടു. തന്റെ കൈ കൊണ്ട് കുട്ടിക്ക് സന്ദേശ് (പാലില്‍ നിന്നുണ്ടാക്കുന്ന ഒരു മധുര പലഹാരം ) തിന്നാന്‍ കൊടുത്തു. പര്‍ദ്ദയുടെ മറുവശത്ത് നിന്നു ഇത് കണ്ട അമ്മ കുട്ടിയെ വിളിച്ചു പറഞ്ഞു. " അല്ല ബിലെ, നീ ആ മുസല്‍മാന്റെ കൈയില്‍ നിന്നും സന്ദേശ് വാങ്ങിച്ചു തിന്നോ ? "
" എന്താ.? അത് കൊണ്ടെന്താ ? "
അമ്മയുടെ മറുപടി - " മറ്റു മതക്കാരെ തൊട്ടു തിന്നാല്‍ തിന്നുന്നവരുടെ ജാതി പോകും "
ആഫീസ് മുറിയില്‍ ഓരോരോ ജാതിക്കാര്‍ക്കായി പ്രത്യേകം പ്രത്യേകം ഹുക്ക വെച്ചിരുന്നു. ഒരു ദിവസം ആരും മുറിയില്‍ ഇല്ലാത്തപ്പോള്‍ ബിലെ അകത്തു കടന്നു ഓരോരോ ഹുക്കകളായി ഉപയോഗിച്ച് നോക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ശബ്ദം കേട്ടു അച്ഛന്‍ അകത്തു വന്നു പുത്രന്റെ പ്രവൃത്തി കണ്ടു ആശ്ചര്യപ്പെട്ടു ചോദിച്ചു. " നീ എന്താണിവിടെ ചെയ്യുന്നത് ? "
ബിലെയുടെ സരളമായ മറുപടി. " എങ്ങനെയാണ് ജാതി പോവുക എന്ന് നോക്കുകയാണ് "
Very nice description of Swami's childhood... felt like i'm at his home, watching his deeds!!!
ReplyDelete