നമ്മുടെ കഥപുരുഷനെ പറ്റി മനസ്സിലാക്കുന്നതിനു മറ്റൊരു അപൂര്‍വ്വ മനുഷ്യന്റെ കഥ ആദ്യം അറിയേണ്ടതുണ്ട്. അദ്ധേഹത്തിന്റെ പേരാണ് ശ്രീ രാമകൃഷ്ണന്‍.
ഈ കഥ ആരംഭിക്കുന്നതിനു ഏതാണ്ട് ഇരുപതിരുപത്തഞ്ചു കൊല്ലം മുന്‍പ് 1836 ല്‍ ഹൂഗ്ലി ജില്ലയിലെ കാമാര്‍ പുക്കൂര്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പതിനാറു പതിനേഴു വയസ്സുള്ളപ്പോള്‍ അദ്ദേഹം കല്‍കത്തക്കടുത്തു ദക്ഷിണേശ്വരത്തിലെ കാളീക്ഷേത്രത്തില്‍ പൂജാരിയായി വന്നു. പൂജിക്കുന്ന സമയത്ത് ദിവസവും അദ്ദേഹം നിലവിളിച്ചു കൊണ്ടു പറയും. " അമ്മേ ദര്‍ശനം തരൂ.. ദര്‍ശനം തരൂ.. " കുട്ടിയുടെ നിലവിളി കേട്ട് അമ്മ നൂറുകൂട്ടം കാര്യങ്ങള്‍ വിട്ടെറിഞ്ഞ് ഓടിയെത്തുന്നത് പോലെ ജഗന്മാതാവും ശ്രീരാമകൃഷ്ണന്റെ വ്യാകുലഭാവത്തിലുള്ള വിളി കേട്ട് അദ്ധേഹത്തിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷമാണ് ശ്രീരാമകൃഷ്ണന്റെ ദിവ്യ ജീവിതവും അപൂര്‍വ്വ സാധനകളും ആരംഭിക്കുന്നത്. ഏതെല്ലാം ഭാവങ്ങളില്‍ ഏതെല്ലാം സാധനകള്‍ ഉണ്ടോ, അവയെല്ലാം അദ്ദേഹം അനുഷ്ഠിച്ചു. അവസാനം അദ്ദേഹത്തിനിത് ബോധ്യമായി: എല്ലാ മതങ്ങളും സത്യമാണ്.
ശ്രീരാമകൃഷ്ണന്‍ സ്കൂളില്‍ പോയി. എന്നാല്‍ എഴുത്തും വായനയും ഒന്നും അധികം പഠിച്ചില്ല. എങ്കിലും മനോഹരങ്ങളായ ഉപമകളെ കൊണ്ടും ഖണ്ഡിക്കാനാകാത്ത യുക്തികളെകൊണ്ടും വലിയ വലിയ പണ്ഡിതന്മാര്‍ക്ക് കൂടി ധര്‍മ്മത്തിന്റെ ഗഹനങ്ങളായ തത്വങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ അദ്ദേഹം മനസ്സിലാക്കി കൊടുത്തിരുന്നു. ഈശ്വരന്‍ സാകാരനോ നിരാകാരനോ എന്ന ചോദ്യത്തിനു ഉത്തരമായി അദ്ദേഹം പറയും.
" വെള്ളത്തിന് മൂന്നു അവസ്ഥകള്‍ ഉണ്ട്. നിരകാരമായ നീരാവി, സാകാരമായ മഞ്ഞുകട്ട, ഇരിക്കുന്ന പാത്രത്തിന്റെ രൂപം ധരിക്കുന്ന ജലം. "
എല്ലാ മതക്കാരും ആരാധിക്കുന്ന ഈശ്വരന്‍ ഒന്ന് തന്നെയാണ്. ഈ തത്വം മനസിലാക്കി കൊണ്ടു അദ്ദേഹം പറയാറുണ്ട്.
" വെള്ളത്തിന് ജലമെന്നു ചിലര്‍ പറയുന്നു, ചിലര്‍ പാനി എന്നു പറയുന്നു, മറ്റു ചിലര്‍ വാട്ടര്‍ എന്നു പറയുന്നു. ഇതു പേര്‍ പറഞ്ഞു വെള്ളം കുടിച്ചാലും നമ്മുടെ ദാഹം മാറും. "
അടുത്ത് വരുന്നവര്‍ ആരായാലും അദ്ദേഹം ഈ വിധത്തിലുള്ള ഭാവത്തിലും ഭാഷയിലും തന്റെ അനുഭൂതിയുടെ കഥകള്‍ അവരെ കേള്‍പ്പിച്ചിരുന്നു. എന്നാല്‍ ആരാണ് തന്റെ ഉദാരങ്ങളായ ഈ ആശയങ്ങളെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുക. ? ഈ കാര്യം ആലോചിച്ചു കൊണ്ടു അദ്ദേഹം അഗാധമായ ധ്യാനത്തില്‍ മുഴുകി. ആ സമയത്ത് അദ്ദേഹത്തിനെ മനസ്സ് ജ്യോതിസ്സുകളുടെ ഏതോ ഒരു ലോകത്തില്‍ എത്തിച്ചേര്‍ന്നു.
അവിടെ അദ്ദേഹം കണ്ടു: അതി തേജസ്വികളായ ചില ഋഷി ശ്രേഷ്ഠന്മാര്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നു.
ജ്യോതിര്‍മയനായ ഒരു ശിശുവിന്റെ രൂപം ധരിച്ചു അദ്ദേഹം ഋഷിമാരുടെ ഇടയില്‍ അതി ശ്രേഷ്ഠനായ നര ഋഷിയുടെ അടുത്ത് എത്തിച്ചേര്‍ന്നു. അവിടെ അദ്ദേഹത്തിന്റെ കഴുത്തു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.. ഞാന്‍ ഭൂമിയിലേക്ക് പോകുന്നു. നിങ്ങളും കൂടി വരണം. മഹര്‍ഷി കണ്ണു തുറന്നൊന്നു നോക്കി. ആ കണ്ണുകളില്‍ നിന്നു ഒരു തേജോരശ്മി വന്നു ഭൂമിയെ സ്പര്‍ശിച്ചു. ഈ ദിവ്യ ദര്‍ശനത്തെ സൂചിപ്പിച്ചു കൊണ്ടു പിന്നീട് ശ്രീരാമകൃഷ്ണന്‍ പറയുകയുണ്ടായി.
" അന്ന് തന്നെ നരേന്ദ്രന്‍ ജനിച്ചുവെന്നു ഞാന്‍ അറിഞ്ഞിട്ടുണ്ട്. "
ഇന്നത്തെ ലോകത്തിന്റെ ദുഖങ്ങളും ദുരിതങ്ങളും ആധുനിക മനുഷ്യരുടെ സംശയവും അവിശ്വാസവും ഈ യുഗത്തിലെ നിരീശ്വരത്വവും യുക്തിവാദവും സമുദായത്തിലെ ധര്‍മ്മലോപവും മതകലഹങ്ങളും - ഇവയെല്ലാം ഇല്ലാതാക്കുവാന്‍ , ശ്രീരാമകൃഷ്ണന്‍ പല സാധനകളും ചെയ്തു സമ്പാദിച്ച ആ ദിവ്യശക്തി എല്ലാവരുടെയും ജീവിതത്തിലേക്ക് സംക്രമിപ്പിക്കണം. ലോകത്തിന്റെ നന്മക്കു വേണ്ടി അത് ചെയ്യുവാന്‍ എല്ലാം തികഞ്ഞ ഒരു മഹാപുരുഷന്‍ വേണ്ടിയിരുന്നു.. ആ പരിപൂര്‍ണ്ണ പുരുഷനാണ് നര-ഋഷിയായ നരേന്ദ്രനാഥന്‍, വിശ്വവിജയിയായ വീരവിവേകാനന്ദന്‍..
orupad ariv nalkunna vivaranam:)
ReplyDelete