ജീവിതത്തില്‍ വിജയം നേടുവാന്‍
--------------------------------------------------------------------------------------------------------------
ജീവിതം തന്നെ ഒരു യുദ്ധമാണ്. പല പ്രശ്നങ്ങളോടും പടവെട്ടിക്കൊണ്ടാണ് നാം മുന്നോട്ടു പോകുന്നത്. ജീവിതായോധനം എന്നാണു സംസ്കൃതത്തില്‍ പറയാറുള്ളത്. യാതൊരു പ്രശ്നവുമില്ലാത്ത ജീവിതം ജീവിതമല്ല. അത് വിരസമായിരിക്കും. അത് കൊണ്ട് നമ്മുടെ മനസ്സു തന്നെ ആലോചിച്ചു ഓരോ പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കും. ആ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണേണ്ടത് ബുദ്ധി കൊണ്ടാകുന്നു. ആ ബുദ്ധി എപ്പോഴും പ്രശ്നങ്ങളെ നേരിടുവാന്‍ സന്നദ്ധമായിരിക്കണം. അല്ലെങ്ങില്‍ പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ ആയിട്ട് തന്നെ നിന്ന് നമ്മെ അലട്ടി കൊണ്ടിരിക്കും. എന്ത് തന്നെ ആയാലും പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്പ്പിക്കുവാന്‍ സാധിക്കാത്ത ജീവിതം ദുഖ: പൂര്‍ണമായിരിക്കും 'സംശയാത്മാ വിനശ്യതി' എന്നാണല്ലോ ഗീതപറയുന്നത്.
പലപ്പോഴും നമ്മുടെ പ്രശ്നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും കാരണം മറ്റുള്ളവര്‍ ആണെന്നാണ് നാം വിചാരിക്കാരുള്ളത്. അത് മറ്റുള്ളവര്‍ക്ക് ദ്വേഷവും വെറുപ്പും വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുന്നു. വാസ്തവത്തില്‍ നമ്മുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം നമ്മള്‍ തന്നെയാണ്. നമ്മുടെ ഉള്ളില്‍ ഉള്ളത് തന്നെയാണ് നാം പുറത്തും കാണുന്നത്. സംസാരത്തില്‍ വ്യാപരിക്കുന്ന മനസ്സു പല വിഷമങ്ങളും വരുത്തി വെക്കും. ജീവിതായോധനത്തിനു തുടങ്ങുമ്പോള്‍ ഒന്നാമതായി നാം ശ്രദ്ധിക്കണ്ടത് നമ്മുടെ സുഖത്തിനും ദുഖത്തിനും കാരണം നാം തന്നെ ആണെന്നുള്ളതിനാലാണ്. താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നെ വരൂ. നമ്മുടെ കര്‍മ്മ ഫലമാണ് നാം അനുഭവിക്കുന്നത്. അത് ഈ ജന്മ്മത്തിലെ മാത്രമല്ല. പൂര്‍വജന്മങ്ങളിലെ ആകാം. നമ്മുടെ എല്ലാ അനുഭവങ്ങള്‍ക്കും ഉള്ള ഉത്തരാവാദിത്തം നാം തന്നെ ഏറ്റെടുക്കണം. ഈ വിശ്വാസം ജീവിതത്തെ ധീരതയോടെ നേരിടുന്നതിനു സഹായിക്കും. "ദുഖസുഖങ്ങളും വിണ്‍നരകങ്ങളും ഒക്കെ മനസ്സിന്റെ സൃഷ്ടിയല്ലോ!"
സീതാദേവി ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തപോവനങ്ങള്‍ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീരാമന്‍ ലക്ഷ്മണനെയും കൂട്ടി ദേവിയെ കാട്ടിലേക്കയച്ചു. പ്രസന്നമായ മനസ്സോടു കൂടി ആശ്രമങ്ങള്‍ കാണുവാന്‍ പുറപ്പെട്ട സീതാദേവിയോടു ലക്ഷ്മണന്‍ സീതയെ കാട്ടിലുപേക്ഷിക്കാനുള്ള ശ്രീരാമന്റെ സന്ദേശം അറിയിച്ചത്, പെട്ടെന്ന് പരിഭ്രാന്തയായെങ്കിലും സീത ശ്രീരാമന്‍ ചെയ്ത കാര്യത്തിന്റെ അനൌചിത്യത്തെ പറ്റിയോ ലക്ഷ്മണന്റെ നിര്‍ദ്ദയതയെ പറ്റിയോ ഒരക്ഷരം പോലും പറഞ്ഞില്ല. ഇതെല്ലാം തന്റെ കര്‍മ്മഫലം തന്നെ ആണെന്ന് പറഞ്ഞു സമാധാനിക്കുകയാണ്ചെയ്തത്.
ഭൌതികമായ പ്രശ്നങ്ങള്‍ ഭൌതികമായ നിലയില്‍ തന്നെ പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിതീര്‍ക്കും. അക്രമത്തെ അക്രമം കൊണ്ടും ഹിംസയെ ഹിംസ കൊണ്ടും നേരിടുന്നത് പോലെയാകും അത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, പിന്നെയും പിന്നെയും പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. അത് കൊണ്ട് ആദ്ധ്യാത്മികമായ ചിന്താഗതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കണം. അപ്പോള്‍ സ്നേഹവും സഹാനുഭൂതിയും സഹനശക്തിയും എല്ലാം നമ്മില്‍ വര്‍ദ്ധിച്ചു വരുന്നു. പ്രശ്നങ്ങള്‍ ചുരുങ്ങി ചുരുങ്ങി വരികയും അവസാനം ശാന്തിയും സമാധാനവും മനസ്സില്‍ കളിയാടുകയും ചെയ്യും.
നമ്മുടെ മനസ്സില്‍ മറ്റുള്ളവരുടെ ദോഷങ്ങള്‍ കണ്ടുപിടിക്കാനുള്ള വാസന പൊങ്ങി വരുമ്പോള്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ മനസ്സിലുള്ള എന്തോ ദോഷം കൊണ്ടാണ് ആ വാസന വരുന്നത്. അതിനു ആത്മപരിശോധന ചെയ്തു ആ ദോഷങ്ങളെ പരിഹരിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ശരിയായ ആദ്ധ്യാത്മിക ചിന്താഗതി ഉള്ളവര്‍ക്ക് ഒരിക്കലും മറ്റുള്ളവരുടെ ദോഷം കണ്ടു പിടിക്കുവാന്‍ സാധിക്കുകയില്ല. ദോഷദൃഷ്ടി നമ്മുടെ മനസ്സിലെ ശാന്തിയെ കെടുത്തുന്നു. അത് പോലെ തന്നെ വിഷമം പിടിച്ചതാണ് പേരും പെരുമയും നേടണമെന്ന മോഹം. മറ്റുള്ളവരുടെ അംഗീകാരം കിട്ടണമെന്ന് ആഗ്രഹിക്കാം. പക്ഷെ അത് നമ്മുടെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവും ആയ പ്രവൃത്തിയുടെ ഫലമായിരിക്കണം. പ്രവൃത്തിയുടെ ലക്‌ഷ്യം മറ്റുള്ളവര്‍ക്ക് സുഖവും സമാധാനവും ഉണ്ടാക്കുകഎന്നതായിരിക്കണം.
No comments:
Post a Comment