ശ്ലോകം 1
"പ്രണമ്യ ശിരസാ വിഷ്ണും
ത്രൈലോക്യാധിപതിം പ്രഭും
നാനാ ശാസ്ത്രോധൃതം വക്ഷേ
രാജനീതി സമുച്ചയം"
സര്‍വശക്തനായ ഈശ്വരനെ ഞാന്‍ ആദ്യമായി നമിക്കട്ടെ. അദ്ദേഹമാണല്ലോ പ്രപഞ്ചത്തിന്റെ പരമേശ്വരനും വിധികര്‍ത്താവും. ഇതിനു ശേഷം ഇന്നത്തെ ലോകത്തിനാവശ്യമായ ഏതാനും സാമൂഹ്യ ശാസ്ത്ര പ്രമാണങ്ങള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഭാരതത്തിലെ സ്ഥിരം പാരമ്പര്യമാണ്, ഏതു കാര്യത്തിന്റെയും ആരംഭത്തില്‍ ചെയ്യുന്ന ഈശ്വര വന്ദനം. മുനിമാരും മഹര്‍ഷിമാരും പണ്ഡിതന്മാരും ഈ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ചാണക്യനും തന്റെ വിഷയം അവതരിപ്പിക്കുന്നതിനു മുന്പ്, മഹാവിഷ്ണുവിനെ നമസ്ക്കരിക്കുന്നു. ഈ ലഘുകൃതി ചാണക്യ ദര്‍ശനം എന്ന പേരില്‍ അറിയപ്പെടുന്നു. ഇനി പറയാന്‍ പോകുന്ന പരാമര്‍ശങ്ങളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും എല്ലാം അദ്ധേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക ഗാര്‍ഹിക വിജ്ഞാനത്തില്‍ നിന്നും ഉടലെടുത്തതാണ്.
ചാണക്യന്‍ ഒരു അസാമാന്യ വ്യക്തിയായിരുന്നു. ലോകമെങ്ങും അംഗീകരിക്കപ്പെട്ട ബുദ്ധി വൈഭവത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് അദ്ദേഹം എഴുതിയ അര്‍ത്ഥശാസ്ത്രം. ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞതും ഈ ഒരു ഒറ്റ കൃതി കൊണ്ടാണത്രേ. കൃസ്തുവിനു മുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്പ് വിശ്വപ്രതിഭയായ ഈ യുവ ശാസ്ത്രഞ്ജന്‍ ജീവിച്ചിരുന്നതായി നമ്മള്‍ പഠിച്ചിട്ടുണ്ട്. ചാണക്യ ദര്‍ശനം അദ്ധേഹത്തിന്റെ മറ്റൊരു കൃതിയാണ്. ഇതിനു ചാണക്യ ശാസ്ത്രം എന്ന് കൂടി പറയാം.
No comments:
Post a Comment