Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Wednesday, November 3, 2010

ദീപാവലിയുടെ ഐതിഹ്യപെരുമ

ദീപാവലിയുടെ ഐതിഹ്യപെരുമ

ദീപാവലി സംബന്ധിച്ചുള്ള ഐതിഹ്യങ്ങള്‍ ഏറെയാണ്. നരകാസുര നിഗ്രഹത്താല്‍ തിന്മയില്‍ നിന്നു ജനത്തെയും രാജ്യത്തെയും മോചിപ്പിച്ച് നന്മ വീണ്ടെടുത്ത ദിനമാണെന്നതാണ് പ്രധാന ഐതിഹ്യം. മഹാബലിയെ വാമനന്‍ പാതാള ലോകത്തിന്റെ അധിപനായി വാഴിച്ച ദിനമാണിതെന്ന്് മറ്റൊരു ഐതിഹ്യം. ശിവപാര്‍വതിമാരും വിഘ്നേശ്വര മുരുകന്മാരും ചൂതാട്ടം നടത്തി വിനോദിച്ചതിന്റെ ഓര്‍മപുതുക്കലാണ് ഈ ദിനമെന്നും പറയപ്പെടുന്നു.

ക്ഷീരസമുദ്രത്തില്‍നിന്നു ലക്ഷ്മീദേവി മഹാവിഷ്ണുവിനെ വരവേല്‍ക്കുന്ന ദിനമായി ദീപാവലിയെ കരുതുന്നവരുമുണ്ട്. വിക്രമാദിത്യ രാജാവ് സ്ഥാനാരോഹണം ചെയ്ത ദിനമാണിതെന്നു മറ്റൊരു വിശ്വാസം. രാമരാവണയുദ്ധം കഴിഞ്ഞ് സീതാസമേതം ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിനമാണ് ദീപാവലിയായി കൊണ്ടാടുന്നതെന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടുവാനായി ദീപം തെളിച്ചു കാത്തിരിക്കുന്ന ദിനമാണ് ദീപാവലിയെന്നു വിശ്വസിക്കുന്നവരെയും കാണാം. ഇപ്രകാരം ദീപാവലി സംബന്ധിച്ച് ഐതിഹ്യങ്ങള്‍ നിരവധിയാണ്. എന്നാല്‍, തിന്മയുടെ മേല്‍ നന്മയും അന്ധകാരത്തിനുമേല്‍ പ്രകാശവും നേടുന്ന വിജയമായി ഈ ഐതിഹ്യങ്ങളെയെല്ലാം കാണാവുന്നതാണ്.

ദീപാവലിയും മഹാബലിയും
ദീപാവലിയും മഹാബലിയും തമ്മിലുള്ള ബന്ധമെന്താണ്? പ്രധാനമായും ഒരു ഐതിഹ്യബന്ധം തന്നെയാണ്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ ഐതിഹ്യം പ്രസിദ്ധമാണല്ലോ. കള്ളവും ചതിവുമില്ലാത്ത, മനുഷ്യര്‍ ഏകോദരസോദരങ്ങളെപ്പോലെ വാഴുന്ന മാവേലിനാടിന്റെ കീര്‍ത്തി എങ്ങും പരന്നപ്പോള്‍ വിഷ്ണുഭഗവാന്റെ അവതാരമായ വാമനമൂര്‍ത്തീ മഹാബലിയെ പരീക്ഷിക്കാനെത്തിയെന്നും ആ ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്നുമാണ് ഒരു വാദം.എന്നാല്‍, നീതിമാനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തേണ്ടി വന്നതില്‍ വിഷ്ണുഭഗവാന്‍ പശ്ചാത്തപിച്ചെന്നും തുടര്‍ന്ന് മഹാബലിയെ പാതാളലോകത്തിലെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചെന്നുമാണ് മറ്റൊരു വാദം. ഈ ദിനമാണത്രേ ദീപാവലിയായി ആഘോഷിക്കുന്നത്. മഹാബലിയുടെ ത്യാഗത്തിന്റെ സ്മരണയ്ക്കായി അശ്വിനിമാസത്തിലെ അമാവാസിയോടനുബന്ധിച്ച് ദീപാവലി ആഘോഷം വാമനന്‍ തന്നെ ഏര്‍പ്പെടുത്തിയെന്ന വിശ്വാസവുമുണ്ട്.

നരകാസുരനിഗ്രഹം ദീപാവലിപുണ്യം
ദീപാവലിയെക്കുറിച്ച് ഏറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും നരകാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ് ഏറെ പ്രചാരം. പ്രാഗ് ജ്യോതിഷത്തിലെ അസുരരാജാവാ യിരുന്ന നരകന്‍ അതി ക്രൂരനായിരുന്നു. പതിനായിരം കന്യകമാരെ ആ രാക്ഷസന്‍ കാരാഗൃഹത്തിലടച്ചു. മാനവരാശിയെ ദുഷ്ടതകളാല്‍ കഷ്ടപ്പെടുത്തി. ദേവരാജാവായ ഇന്ദ്രന്‍ ശ്രീകൃഷ്ണനോട് നരകാസുരന്റെ ക്രൂരതകളെക്കുറിച്ചു പറഞ്ഞു. സത്യഭാമയും നരകാസുരനെ വധിക്കുന്നതിന് കൃഷ്ണനെ പ്രോല്‍സാഹിപ്പിച്ചു. അങ്ങനെ സത്യഭാമയെയും കൂട്ടി ഭഗവാന്‍ നരകാസുരന്റെ കോട്ടയിലെത്തി.

ശത്രുക്കളെ നേരിടാന്‍ പലവിധ സന്നാഹങ്ങളും അസുരരാജന്‍ ഒരുക്കിയിരുന്നങ്കിലും കൃഷ്ണഭഗവാനു മുന്നില്‍ അതെല്ലാം നിഷ്ഫലമായി. നരകാസുരന്‍ വധിക്കപ്പെട്ടു. കാരാഗൃഹത്തിലടക്കപ്പെട്ട സുന്ദരിമാരെല്ലാം മോചിതരായി. ദ്വാരകയിലെത്തിയതിനു ശേഷം യുദ്ധക്ഷീണം തീര്‍ക്കാന്‍ ശ്രീകൃഷ്ണന്‍ നന്നായി എണ്ണ തേച്ചുകുളിച്ചു. പത്നിമാര്‍ നല്‍കിയ മധുരം കഴിച്ചു. നരകാസുരന്റെ ദുഷ്ടതകളില്‍ നിന്നു ജനങ്ങള്‍ക്കു മോചനം ലഭിച്ചതിന്റെയും കാരാഗൃഹങ്ങളില്‍ നിന്നു സ്ത്രീകള്‍ സ്വതന്ത്രരായതിന്റെയും സന്തോഷത്താല്‍ രാത്രിയില്‍ ദീപങ്ങള്‍ കൊളുത്തി ആഘോഷം നടത്തി. ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഏറെ പ്രചാരം നേടിയ ഐതിഹ്യം.


courtesy : www.manoramaonline.com

No comments:

Post a Comment