Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, November 21, 2010

2010 നവംബര്‍ 15, ടി വി ശങ്കരനാരായണന്‍ കച്ചേരി, ചങ്ങമ്പുഴ പാര്‍ക്ക്‌ ഇടപ്പള്ളി

2010 നവംബര്‍ 15, ടി വി ശങ്കരനാരായണന്‍ കച്ചേരി.. ഞാന്‍ കരുതിയത്‌ ഇന്ന് ടി എന്‍ എസ് കൃഷ്ണയുടെ കച്ചേരി ആണെന്നാണ് .. ആളെ കണ്ടപ്പോഴാണ് മനസിലായത്. നാളെയാണ് ടി എന്‍ എസ് കൃഷ്ണയുടെ കച്ചേരി. ഇന്നും ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി.. കൃത്യം തുടങ്ങുന്നതിനു മുന്‍പ് എത്തി..

അദ്ദേഹത്തിനു പ്രഥമ മാവേലിക്കര പ്രഭാകരവര്‍മ്മ പുരസ്കാരം ഈയടുത്ത് കിട്ടിയെന്നു തുടക്കത്തിലേ പറഞ്ഞു. പദ്മവിഭൂഷന്‍ കിട്ടിയിട്ടുണ്ട്. എല്ലാം നല്ല ലക്ഷണങ്ങള്‍ തന്നെ.. :)




ശുടരോളിയെ പോട്രി സുന്ദര ഗണപതിയെ എന്ന ഒരു വിരുത്തം ഹംസധ്വനിയില്‍ തുടങ്ങി. അദ്ദേഹം കുറേ ഹരിനാമ സങ്കീര്‍ത്തനങ്ങള്‍ ഇടയ്ക്കിടയ്ക്ക് പാടുന്നുണ്ടായിരുന്നു. പിന്നീട് ശ്രദ്ധിച്ച ഒരു കാര്യം രാഗ വിസ്താരത്തിന്റെ ഇടയ്ക്കു അദ്ദേഹം ഹരിനാമം കൂടെ കൂടെ ഉപയോഗിക്കുന്നുണ്ട്. ഒരു വേറിട്ട രീതി. എന്തായാലും അതെല്ലാം മനോഹരമായിരുന്നു. പക്ഷെ കീര്‍ത്തനങ്ങളുടെ സെലക്ഷന്‍ അത്രയ്ക്ക് ശരിയായില്ല എന്നു തോന്നുന്നു..

വിനായക നന്നു എന്ന ഹംസധ്വനി രാഗത്തിലെ കീര്‍ത്തനത്തോടെ തുടങ്ങി. രാമാഭിരാമ രമണീയ നാമ എന്ന കീര്‍ത്തനമാണ് അടുത്തതായി ആലപിച്ചത്. അത് ദര്‍ബാര്‍ രാഗത്തിലെ കീര്‍ത്തനം.. അധികം കേള്‍ക്കാത്ത രാഗം ആയിരുന്നു.. 

അടുത്തത് ഏവര്‍ക്കും പ്രിയപ്പെട്ട സ്വാതി തിരുനാള്‍ കീര്‍ത്തനമായ പരമപുരുഷ ജഗദീശ്വര ജയ ജയ എന്ന വസന്ത രാഗത്തിലെ കീര്‍ത്തനം ആയിരുന്നു. അത് വളരെ മനോഹരമായി.. 

പിന്നീട് പാടിയ കീര്‍ത്തനത്തിന്റെ രാഗം ഞാന്‍ മുഴുവന്‍ നോക്കിയിട്ടും കിട്ടിയില്ല. എനിക്ക് തോന്നിയത് ദുര്‍ഗ എന്ന രാഗം ആണെന്നാണ്‌. സാരസദല നയന കൃഷ്ണ സ്മരാമി എന്നു തുടങ്ങുന്നതാണ് കീര്‍ത്തനം. 

അടുത്തതും വളരെ വിരളമായി കേള്‍ക്കുന്ന ഒരു രാഗം ആയിരുന്നു. സാരസ സാമദാന  എന്ന കീര്‍ത്തനം കാപിനാരായണി എന്ന രാഗം! ആദ്യമായി കേള്‍ക്കുന്ന കീര്‍ത്തനം. എന്റെ കൈയില്‍ ഉള്ളത് തന്നെ ആയിരുന്നു. പക്ഷെ ഇപ്പോഴാണ് കേള്‍ക്കുന്നത്. 

പിന്നീട് ആലപിച്ചത് ഹരിഹരസുതനേ അയ്യപ്പ എന്ന ഒരു കീര്‍ത്തനം ആയിരുന്നു. അതും കേള്‍ക്കാത്ത കീര്‍ത്തനമായിരുന്നു.. ആഭോഗി രാഗത്തില്‍ ആയിരുന്നു എന്നു ഇപ്പോള്‍ മനസ്സിലായി :) കുറേ തിരഞ്ഞതിനു ചെയ്തതിനു ശേഷമാണ് കിട്ടിയത്.. 

അടുത്തത് മെയിന്‍ കീര്‍ത്തനം ആയിരുന്നു. ശങ്കരാഭരണം രാഗത്തിലെ സരോജദലനേത്രി എന്ന കീര്‍ത്തനം. വളരെ മനോഹരമായിരുന്നു. ഭയങ്കരമായ ഇടിവെട്ടും മഴയും കാരണം ഇടയ്ക്കു വെച്ച് കുറച്ചു നേരം തടസ്സം അനുഭവപെട്ടു.. എല്ലാവരേം പേടിപ്പിക്കുന്ന രീതിയില്‍ ഉള്ള ഒരു തരം മഴയായിരുന്നു. കച്ചേരി നടക്കുന്ന സ്റ്റേജില്‍ വരെ വെള്ളം വീശിയടിച്ചു. ഞാന്‍ ഇരുന്നിരുന്നത് മധ്യഭാഗത്തായിട്ടായിരുന്നു. എന്നിട്ടും ഞാന്‍ നനഞ്ഞു! ത്രിമൂര്‍ത്തികളുടെ ചിത്രങ്ങള്‍ ഒക്കെ പറന്നു താഴെ വീണു. കീര്‍ത്തനതെക്കാള്‍ കൂടുതല്‍ ശബ്ദത്തിലായിരുന്നു മഴ. എന്നാലും കുറച്ചു കഴിഞ്ഞപ്പോള്‍ ശരിയായി. നന്നായി തന്നെ അവസാനിച്ചു. 

കുറെയധികം ഹരിനാമ സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹം ആലപിച്ചു. ഇടയ്ക്കു അത് തന്നെ ആയിപ്പോയോ എന്നു ചെറിയ ഒരു സംശയം വന്നു :) കാപി രാഗത്തില്‍ ഒരു വിരുത്തം പാടി.  പിന്നീട് അദ്ദേഹം ആലപിച്ചത് തിരുപതി വെങ്കടേശ എന്ന ഒരു കീര്‍ത്തനം ആയിരുന്നു.. ഹംസാനന്ദി  ആണെന്ന് തോന്നുന്നു. അതും അത്രയ്ക്ക് കേള്‍ക്കാത്ത ഒരു കീര്‍ത്തനം.. 

അവസാനമായി സിന്ധുഭൈരവി രാഗത്തില്‍ രാമചന്ദ്ര പ്രഭോ എന്ന കീര്‍ത്തനം ആലപിച്ചു.. മംഗളം പാടി അവസാനിപ്പിച്ചു.. പരിചിതമല്ലാത്ത കീര്‍ത്തനങ്ങളും രാഗങ്ങളും ഒരു പാട് ഉള്‍പ്പെട്ടത് കാരണം അത്രക്ക് രസിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചു കാണുകയില്ല. എന്നാലും ഒരു നല്ല അനുഭവമായി  തന്നെ ഇതിനെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നു. ഇത്രയ്ക്കു വലിയ ഒരാള്‍ കച്ചേരി അവതരിപ്പിക്കാന്‍ വരുമ്പോള്‍ എല്ലാവരും കുറച്ചു അധികം പ്രതീക്ഷിക്കും. ആ പ്രതീക്ഷക്കനുസരിച്ചു കച്ചേരി ഉയര്‍ന്നില്ല എന്നതാണ് കുഴപ്പം.. 

എന്തായാലും നല്ല മഴ കാരണം ബസ്‌ എല്ലാം ഒരു മണിക്കൂറോളം ലേറ്റ് ആയിരുന്നു. അത് കാരണം ബസ്‌ കിട്ടി വേഗം വീട്ടിലെത്താന്‍ സാധിച്ചു. ദൈവത്തിന്റെ ഓരോ കളികള്‍. മഴ കാരണം വണ്ടി ഒന്നും കിട്ടാന്‍ സാധ്യത ഇല്ലാതെ നില്‍ക്കുമ്പോഴാണ് ബസ്‌! അതും ആ സമയത്ത് ഇല്ലാത്തതു.. :)

No comments:

Post a Comment