Tuesday, October 12, 2010

മറക്കാനാകാത്ത ഒരു ദിവസം !! :)

 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച (10th ഒക്ടോബര്‍ 2010 ). എന്റെ ജീവിതത്തില്‍ ആദ്യമായി ഒരു സംഗീത കച്ചേരി നേരിട്ട് കണ്ട് കേട്ട് ആസ്വദിക്കാന്‍ കഴിഞ്ഞു. അതും പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധനായ കുടമാളൂര്‍ ജനാര്‍ദ്ധനന്റെ കച്ചേരി! വളരെ വളരെ ഹൃദ്യമായിരുന്നു. ചങ്ങമ്പുഴ ജന്മശതാബ്ധിയോടു അനുബന്ധിച്ച് ഇടപ്പള്ളി സംഗീത സദസ്സ് ചങ്ങമ്പുഴ പാര്‍ക്കില്‍ നടത്തിയ കച്ചേരിയായിരുന്നു. ഇരിക്കാന്‍ സ്ഥലം കിട്ടിയില്ലെങ്കിലോ എന്ന് കരുതി നേരത്തെ തന്നെ പോയി സ്ഥലം പിടിച്ചു. ഉത്ഘാടന പ്രസംഗവും മറ്റു സാംസ്കാരിക നായകന്മാരുടെ വാക്കുകളും കേട്ട് അങ്ങനെ ഇരുന്നു. ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തത് ഡോ. എം. ലീലാവതിയും, പ്രൊ. എം കെ സാനുവും ആയിരുന്നു. അധ്യക്ഷന്‍ എം എല്‍ എ ഡോമിനിക് പ്രസന്റേഷന്‍ ആയിരുന്നു. ഒരു കൊച്ചു കലാകാരന്‍ നിധിന്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി എന്ന കവിതയിലെ ഒരു ഭാഗം ആലപിക്കുകയും ചെയ്തു. ലീലാവതി ടീച്ചറിന്റെ പ്രഭാഷണം നിശ്ചയിച്ചിരുന്നതിലും അര മണിക്കൂര്‍ നീണ്ടു പോയി, എന്നിരുന്നാലും വളരെ നന്നായിരുന്നു. 






കൃത്യം 8 മണിക്ക് കച്ചേരി ആരംഭിച്ചു. ശ്രീ കുടമാളൂര്‍ ജനാര്‍ദ്ധനന്‍, തന്റെ കൂടെ ഉള്ള കലാകാരന്മാരെ പരിചയപെടുത്തി. എല്ലാവരും നല്ല പ്രൊഫഷണല്‍ വായനക്കാരാണ്. പിന്നെ മൃദംഗവും തബലയും ഇതിനുണ്ടായിരുന്നു എന്നത് മറ്റൊരു പ്രത്യേകത. മൃദംഗം വായിക്കുന്ന H. കിഷോര്‍ ഒരു ഗസ്സല്‍ ഗായകനും കൂടിയാണെന്ന് പരിചയപെടുത്തി. അദ്ദേഹം സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്ന കോളേജ് അദ്ധ്യാപകന്‍  കൂടിയാണ്.!! തബല വായിക്കുന്ന ഹരി കൃഷ്ണമൂര്‍ത്തി, അദ്ദേഹം വലിയ വലിയ ഗായകരായ എസ് പി ബാലസുബ്രമണ്യം, ഹരിഹരന്‍ എന്നിവരോടൊപ്പം എല്ലാം സ്റ്റേജ് ഷോവിലും മറ്റും പങ്കെടുക്കുന്ന ആളാണ്‌. സപ്പോര്‍ട്ട് വായിക്കാന്‍ വന്നത് വിഷ്ണു വിജയ്‌ എന്ന കുടമാളൂരിന്റെ തന്നെ
ശിഷ്യനാണ്.




അദ്ധേഹത്തിന്റെ തന്നെ രചനയായ ലയമുരളി എന്ന ബിഹാഗ് എന്ന രാഗത്തിലെ വര്‍ണ്ണം പോലുള്ള ഒരു കീര്‍ത്തനത്തില്‍ തുടങ്ങി. വളരെ മനോഹരമായ ഒരു സൗണ്ട് സിസ്റ്റം ആയിരുന്നു! അത് കൊണ്ട് കേള്‍ക്കുന്നതെല്ലാം വളരെ ഭംഗിയായി ആസ്വദിക്കാനും പറ്റി. അങ്ങനെ ലയമുരളിക്ക് ശേഷം നാഗസ്വരാവലി രാഗത്തിലെ ഒരു കീര്‍ത്തനമായിരുന്നു. അത് ഏതാണെന്ന് മനസ്സിലായില്ല. സാധാരണ അധികം ഉപയോഗിക്കാത്ത രാഗമാണ് എങ്കിലും അതും ഹൃദ്യമായി. അതിനു ശേഷം മെയിന്‍ കീര്‍ത്തനമായ സ്വാതിതിരുനാളിന്റെ ചലിയേ കുഞ്ജ നമോ എന്ന വൃന്ദാവന സാരംഗ രാഗത്തിലെ കീര്‍ത്തനം നിറഞ്ഞു നിന്നു. ഇത് ഹിന്ദുസ്ഥാനി ആയതു കൊണ്ട് മൃദംഗം കുറച്ചു നേരം വിശ്രമിച്ചു. തബല വായിച്ചു വായിച്ചു ഹരി എല്ലാവരെയും അതിലേക്കു ആകര്‍ഷിച്ചു. ഒരു സമയത്ത് തബല മാത്രം മതിയെന്ന് വരെ തോന്നിപ്പോയി. അദ്ധേഹത്തിന്റെ കൈകളുടെ ആ മാസ്മരിക ചലനം. അത് കേട്ടാല്‍ മാത്രമേ മനസിലാകൂ!!


അടുത്തതായി പട്ടണം സുബ്രമണ്യ അയ്യരുടെ രഘുവംശ സുധാംബുധ ചന്ദ്രശ്രി എന്ന കദനകുതൂഹല രാഗത്തിലെ കീര്‍ത്തനം ആയിരുന്നു. കുറച്ചൊക്കെ പാശ്ചാത്യം എന്ന് തോന്നുന്ന ഒരു മനോഹരമായ കീര്‍ത്തനം. അത് അദ്ധേഹത്തിന്റെ രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു. വളരെ മനോഹരമായി.


പിന്നീട് കല്യാണിയെ അടിസ്ഥാനമാക്കി ഉള്ള രാഗമാലിക ആയിരുന്നു. അവസാനമായി നവരസ കാനഡയില്‍ ഒരു നാടോടി ഗാനം കൂടി അദ്ദേഹം സമ്മാനിച്ചു. മൃദംഗം തബല ഇവരുടെ തനിയാവര്‍ത്തനം അവിസ്മരണീയമായി. വളരെ വളരെ മനോഹരമായി! ഒരു ജുഗല്‍ബന്ദി പോലെ. ഇത്രയ്ക്കു നല്ല ഒരു തനിയാവര്‍ത്തനം കേട്ടപ്പോള്‍ ഭയങ്കര സന്തോഷം. രണ്ടുപേരുടെയും കൈകള്‍ എങ്ങനെ ഒക്കെ ചലിക്കുന്നു എന്നോര്‍ക്കുമ്പോള്‍  അത്ബുധം.


എല്ലാം കഴിഞ്ഞു പരിപാടി തീര്‍ന്നപ്പോള്‍ 10 .45 ആയി.  ബസ്‌ എല്ലാം പോയിക്കഴിഞ്ഞിരുന്നു. കുറെ നേരം കൈ കാണിച്ചപ്പോള്‍ ഒരു ലോറി കിട്ടി. അങ്ങനെ 11 .30 നു വീട്ടിലെത്തി.. ഒരു നല്ല കച്ചേരി കേട്ടതിന്റെ സമാധാനത്തില്‍ സുഖമായി ഉറങ്ങി! :)


നാളെ ഡോ. ഓമനക്കുട്ടിയുടെ കച്ചേരി ഉണ്ട്. അതിനു പോകണം. അതിന്റെ വിശദീകരണം പിന്നീട് പറയാം :)

1 comment: